കൊല്ലം: കൊട്ടാരക്കരക്കടുത്ത് എഴുകോണില്‍ വ്യാജവാറ്റ് സംഘം പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പിച്ചു. വാഹനപരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാരന് പരിക്കേറ്റത്. എഴുകോണ്‍ ജംഗ്ഷന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച രണ്ട് പേര്‍ കടന്ന് കളയാന്‍ ശ്രമിച്ചത്. പൊലീസ് കൈ കാണിച്ചിട്ടും ഇവര്‍ നിര്‍ത്താന്‍ തയ്യാറായില്ല.

എഴുകോണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ രാജശേഖരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറില്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിന്നീട് പിടികൂടി. എഴുകോണ്‍ സ്വദേശികളായ ബിജു, രാജേഷ് എന്നിവരാണ് പിടിയിലായത്. രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. വ്യാജമദ്യം വാറ്റി വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.