കോഴിക്കോട്: ഗര്‍ഭിണിയായ വാടകക്കാരിക്ക് വീട്ടുമസ്ഥന്റെ ക്രൂരമര്‍ദ്ദനം.കോഴിക്കോട് നാലാം ഗേറ്റിന് സമീപം താമസിക്കുന്ന പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ വീട്ടമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്കിലിടപെട്ടാണ് വീട്ടുടമ അകാരണമായി മര്‍ദ്ദിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
നാലാം ഗേറ്റിന് സമീപം തേര്‍വീട് റസിഡന്‍സ് അസോസിയേഷനില്‍ പെട്ട വീട്ടിലാണ് ക്രൂരപീഡനം നടന്നത്. അനില്‍ നിവാസില്‍ അനില്‍ എന്ന വീട്ടുടമയാണ് ആ വീട്ടില്‍ തന്നെ വാടകക്ക് കഴിയുന്ന വീട്ടമ്മയെ തല്ലിചതച്ചത്. വീട്ടമ്മയുടെ മൂന്നുവയസുകാരിയായ മകളും അയല്‍വാസിയുടെ കുട്ടിയും തമ്മില്‍ കളിക്കുന്നതിനിടെ വഴക്കുണ്ടായതാണ് പ്രകോപനകാരണം. വീട്ടമ്മ ശ്രദ്ധിക്കാത്തിനാലാണ് വഴക്കുണ്ടായതെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്ന ഗര്‍ഭിണിയായ വീട്ടമ്മയെ വീടിനുള്ളില്‍ കടന്ന് അനില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ആറ് മാസം ഗര്‍ഭിണിയായ വീട്ടമ്മയേയും മകളേയും രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ വീട്ടമ്മയുടെ തലക്കും കൈകള്‍ക്കും പരിക്കേറ്റു. സംഭവസമയം വീട്ടമ്മയുടെ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളയില്‍ എസ് ഐ.കെ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അനിലിനെ കസ്റ്റഡയിലെടുത്തു. വീട്ടമ്മയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അനിലിനെ റിമാന്‍ഡ് ചെയ്തു.
