പത്തനാപുരം: സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റായ രശ്മി ആർ നായരുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേർക്കായിരുന്നു അക്രമം. ഇന്ന് മൂന്നു മണിയോടെ, 'ശബരിമലയിലേക്ക് പോകുമല്ലേടീ' എന്ന് ചോദിച്ചായിരുന്നു വീടിന് നേർക്ക് തുടർച്ചയായി കല്ലെറിഞ്ഞതെന്ന് രശ്മി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോൾ അക്രമി സിറ്റൗട്ടിലേക്ക് കയറി വന്നു. അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാൾ വീടിന്റെ മതിലിന് പുറത്ത് നിന്ന് കൊണ്ട് കല്ലെറിഞ്ഞതായും രശ്മി പറയുന്നു.

സംഭവം നടന്നത് അരമണിക്കൂറിനുള്ളിൽ രശ്മി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ''ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി. ഇപ്പോഴും തുടരുന്നു, കുട്ടികള്‍ പേടിച്ചിട്ടുണ്ട്. പത്തനാപുരം CI യെയും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട്.'' ഇങ്ങനെയായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

''പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് അരമണിക്കൂറിനുള്ളിൽ തന്നെ അക്രമം നടത്തിയ ആളെ പൊലീസ് കൊണ്ടുപോയി. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള ആൾ തന്നെയാണ്. രാജൻ എന്നാണ് അയാളെ എല്ലാവരും വിളിക്കുന്നത്.'' രശ്മി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തി. സംഭവത്തിൽ അക്രമിയെ ചോദ്യം ചെയ്തു വരികയാണെന്നും അതിന് ശേഷം മാത്രമേ വിശദവിവരങ്ങൾ പറയാൻ സാധിക്കൂ എന്നും പത്തനാപുരം എസ് ഐ ജോസഫ് ലിയോ പറഞ്ഞു.