ആലപ്പുഴ: കായംകുളം ചുനക്കരയില്‍ പത്താംക്ലാസ്സുകാരന് നാലംഗ ഗുണ്ടാ സംഘത്തിന്‍റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ രാത്രി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കുട്ടി നൂറനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ചുനക്കര ചെറുപുഷ്പ സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് ഗുണ്ടാ സംഘത്തിന്‍റെ ക്രൂരമര്‍ദ്ദനമേറ്റത്. വൈകീട്ട് സ്കൂള്‍ വിട്ട ശേഷം കൂട്ടുകാരോടൊന്നിച്ച് കുട്ടി ട്യൂഷനും കഴിഞ്ഞ് വരികയായിരുന്നു. ആ സമയത്ത് അതുവഴി രണ്ട് ബൈക്കുകളിലായി നാലുപേര്‍ കുട്ടിയെ മറികടന്നുപോയി. തിരിച്ചെത്തിയത് മുഖംമൂടി അണിഞ്ഞായിരുന്നു. ബൈക്കുകളില്‍ നിന്ന് ചാടിയിറങ്ങിയ നാലുപേരും ചേര്‍ന്ന് റോഡില്‍വച്ച് കുട്ടിയെ ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു.

കഴുത്തിന് പിടിച്ച് തള്ളിയിട്ട കുട്ടിയെ നാലംഗ സംഘം നിലത്തിച്ച് ചവിട്ടുകയും കൈ പിടിച്ച് ഒടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിലവിളിച്ച കുട്ടിയുടെ വായ പൊത്താനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാളുടെ കൈക്ക് കടിയേറ്റിട്ടുണ്ട്. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

കുട്ടി സ്ഥിരമായി ഉറങ്ങാന്‍ പോയിരുന്ന ബന്ധുവീട്ടില്‍ രാത്രി രണ്ട് പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടി നൂറനാട് പോലീസില്‍ പരാതിയും നല്‍കി. ഇതിലുള്‍പ്പെട്ട ഈ രണ്ടുപേര്‍ കഴിഞ്ഞ ദിവസം ബസ്റ്റോപ്പിനടുത്ത് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി കായംകുളം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍....