കഞ്ചാവ് ഇടപാടുകാരനെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ എക്സൈസ് സിഐ മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര സ്വദേശിയായ നൗഫലാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോബര്‍ട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഒരു തരത്തിലുമുള്ള മര്‍ദനവും നടന്നിട്ടില്ലെന്നാണ് എക്സൈസിന്‍റെ വിശദീകരണം.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ വീടിനടുത്ത് വച്ച് പത്തൊന്പതുകാരനായ നൗഫലിന് മര്‍ദനമേറ്റത്. അടുത്തുള്ള കയില്‍ സാധനം വാങ്ങാനായി സുഹൃത്തുകളോടൊപ്പം പോയതായിരുന്നു നൗഫലല്‍. ആ സമയം അവിടെയത്തിയ കൊട്ടാരക്കര എക്സൈസ് സിഐ റോബര്‍ട്ട് മര്‍ദിച്ചെന്നാണ് നൗഫലിന്‍റെ പരാതി. കഞ്ചാവ് ഇടപാടുകാരനെന്ന് ആരോപിച്ചാണ് സമീപത്തെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി മര്‍ദിച്ചതെന്ന് നൗഫല്‍ പറയുന്നു

മര്‍ദനമേറ്റ നൗഫല്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കിളിമാനൂര്‍ പോളി ടെക്നിക്കിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നൗഫല്‍. കൊല്ലം റൂറല്‍ എസ്പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. എന്നാല്‍ പ്രദേശത്ത് ലഹരി മരുന്ന് വില്‍പന പതിവാണെന്നും സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് എക്സൈസിന്‍റെ വിശദീകരണം