പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍, സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ സ്ത്രീകള്‍ക്കുനേരെ കയ്യേറ്റവും അസഭ്യവര്‍ഷവും. ടെലിഫിലിം ചിത്രീകരിക്കാനെത്തിയവരോടാണ് റസ്റ്റ് ഹൗസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയത്.

'ഇത് തോറ്റുപോയവന്റെ കഥ' എന്ന ടെലിഫിലിം ചിത്രീകരിക്കാനെത്തിയതായിരുന്നു സംവിധായകന്‍ ആര്‍.എസ്. രാജീവും സംഘവും. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ടെലിഫിലിമിന്റെ ചിത്രീകരണം മല്ലപ്പള്ളി, കറുകച്ചാല്‍ എന്നിവിടങ്ങളിലായിരുന്നു . മല്ലപ്പള്ളി ഗവണ്‍മെന്റ് റെസ്റ്റ് ഹൗസിലായിരുന്നു അഭിനേതാക്കളായ കുട്ടികളുടേയും മാതാപിതാക്കളുടേയും താമസം. മൂന്ന് മുറിയാണ് ഇവര്‍ എടുത്തത്. 

ആദ്യദിവസം 1000 രൂപ വാടക ആവശ്യപ്പെട്ട റെസ്റ്റ് ഹൗസ് ജീവനക്കാരന്‍ കിരണ്‍ പിന്നീടത് രണ്ടായിരം വേണമെന്നായി. മുറി ഒഴിഞ്ഞോളാമെന്നും നല്‍കിയ പണത്തിന് ബില്ല് നല്‍കണമെന്നും ടെലിഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബില്ല് നല്‍കാന്‍ തയ്യാറാകാതെ കിരണിന്റെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സംഘത്തെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ മര്‍ദ്ദനമേറ്റത് തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി റസ്റ്റ് ഹൗസ് ജീവനക്കാരന്‍ കിരണും മറ്റ് രണ്ട് പേരും ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.