യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു മര്‍ദ്ദനമേറ്റത് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിക്ക് സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം

വിദേശത്ത് നിന്നെത്തിച്ച സ്വർണം ആളുമാറി നൽകിയ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി നദീറിനെ പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദുബായില്‍ ജോലി ചെയ്യുന്ന നദീര്‍ കഴിഞ്ഞ മാസം 23 ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. ദുബായിലെ പരിചയക്കാരനായ മുസ്തഫ എന്നയാള്‍ മുഖേന ഒരു ബാഗില്‍ സ്വര്‍ണ്ണവും കൊണ്ടു വന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തിങ്ങുമ്പോള്‍ ആളുകള്‍ തേടി വരുമെന്നും ബാഗ് അവര്‍ക്ക് കൈമാറണമെന്നുമായിരുന്നു നിര്‍ദേശം. 35,000 രൂപ പ്രതിഫലവും പറഞ്ഞുറപ്പിച്ചിരുന്നു.

എന്നാല്‍ കരിപ്പൂരില്‍ ഇറങ്ങിയപ്പോള്‍ മറ്റൊരാള്‍ എത്തി സ്വര്‍ണ്ണമടങ്ങിയ ബാഗ് വാങ്ങുകയും മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നെന്നും നദീര്‍ പറയുന്നു. പിന്നാലെയെത്തിയ കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്ത് സംഘം നദീറിനെ തട്ടിക്കൊണ്ട് പോവുകയും തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

ദുബായില്‍ കൂടെ താമസിക്കുന്ന കാസര്‍ക്കോട് സ്വദേശി ആരിഫ് ഒറ്റിയത് മൂലമാണ് കൊടുവള്ളിയിലെ സംഘത്തിന് എത്തിക്കേണ്ടിയിരുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം കവര്‍ന്നത്. ഈ സ്വര്‍ണ്ണം കണ്ടെത്താനാണ് കള്ളക്കടത്ത് സംഘം യുവാവിനെ രണ്ടാഴ്ചയോളം തടവില്‍ പാര്‍പ്പിച്ചത്. ഒടുവില്‍ സ്വര്‍ണ്ണം കവര്‍ന്നയാളെ കണ്ടെത്തിയതോടെയാണ് നദീറിനെ മോചിപ്പിച്ചതെന്നാണ് അറിയുന്നത്. പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് കള്ളക്കടത്ത് സംഘം ഭീഷണിപ്പെടുത്തിയതായും നദീര്‍ പറഞ്ഞു.