Asianet News MalayalamAsianet News Malayalam

ചെന്നൈയിലെ നോർക്ക ഓഫീസ് അക്രമികള്‍‌ അടിച്ച് തകര്‍ത്തു

ചെന്നൈയിലെ നോർക്ക ഓഫീസിന് നേരെ ആക്രമണം. ഓഫീസ് ചില്ലുകൾ അക്രമികള്‍‌ അടിച്ച് തകർത്തു.

attack in chennai norka
Author
Chennai, First Published Jan 2, 2019, 10:49 PM IST

ചെന്നൈ: ചെന്നൈയിലെ നോർക്ക ഓഫീസിന് നേരെ ആക്രമണം. ഓഫീസ് ചില്ലുകൾ അക്രമികള്‍‌ അടിച്ച് തകർത്തു. 15 ഓളം പേർ അടങ്ങുന്ന സംഘം ശരണം വിളിച്ച് എത്തിയാണ് ആക്രമിച്ചത്. 

മലപ്പുറം ചങ്ങരംകുളത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു. ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പേരിൽ സംസ്ഥാനം ഇന്ന് യുദ്ധക്കളമായി. പലയിടത്തും വ്യാപകസംഘർഷമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരിൽ തുടങ്ങി പലയിടങ്ങളിലും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി. സർക്കാർ ഓഫീസുകൾ അടിച്ചു തകർത്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവുയുദ്ധമാണ് അരങ്ങേറിയത്. 

യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. 

നാളെ ഹർത്താലിനിടെ അക്രമങ്ങൾ തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്‍റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.


 

Follow Us:
Download App:
  • android
  • ios