തിരുവന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പലയിടങ്ങളിലും ഹര്‍ത്തല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കായംകുളത്തും മുക്കത്തും ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തൃശൂരില്‍ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്തിന്‍റെ നഗര ഭാഗത്ത് ഹര്‍ത്താല്‍ അധികം ബാധിച്ചിട്ടില്ല. ബസുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ ആര്യനാട്, വട്ടപ്പാറ, പാറശ്ശാല തുടങ്ങിയ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സെക്രട്ടറിയേറ്റ്, ഐഎസ്ആര്‍ഒ, ടെക്നോപാര്‍ക്ക് തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പൊലീസ് സുരക്ഷയില്‍ ആണ്. തിരവനന്തപുരം പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഇവിടെ തടഞ്ഞു. രാവിലെ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കടത്തിവിട്ടിരുന്നു. എന്നാല്‍ ഒരു വാഹനങ്ങളും കടത്തിവിടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്. തുടര്‍ന്ന് വലിയ വാഹന കുരുക്ക് നേരിടുന്നുണ്ട് ഇവിടെ.

കൊച്ചിയിലെ നഗരപ്രദേശങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. രാവിലെ എട്ട്മണിവരെ ഹര്‍ത്താല്‍ ശാന്തമായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസിന് നേരെ ഒബ്റോണ്‍ മാളില്‍ വച്ച് കല്ലേറുണ്ടായി. ബസ് ഡ്രൈവര്‍ പൊലീസിന് മൊഴികൊടുത്തു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് വാഹനം. കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ വാഹനം തടഞ്ഞു തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് വാഹനത്തില്‍ ആളുകളെ പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്.

കോഴിക്കോട് ഹര്‍ത്താല്‍ ഭാഗികമാണെങ്കിലും സമാധനാ പൂര്‍ണ്ണല്ല. മലപ്പുറം ചങ്ങരംകുളത്തും കോഴിക്കോട് മുക്കത്തും പാലക്കാട് പൊള്ളാച്ചിയിലും കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തടഞ്ഞു. എന്നാല്‍ നഗരപ്രദേശങ്ങളല്‍ ഹര്‍ത്താല്‍ ഭാഗികമാണ്. പൊലീസിന്‍റെ ശ്രദ്ധ എത്താത്ത സ്ഥലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. അതേസമയം കൊല്ലത്ത് ഗര്‍ഭിണിയെയും കൊണ്ട് പോവുകയായിരുന്ന വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കൊല്ലം പള്ളിമുക്കില്‍ ഇന്നലെ വൈകിട്ട് ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെയാണ് സംഭവം. 

കോട്ടയത്ത് ഹർത്താൽ അനുകൂലികൾ കെ എസ് ആർ ടി സി ബസ് തടഞ്ഞു. കണ്ണൂര്‍ ആലക്കോട് ടൗണില്‍ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുണ്ടൂരിലെ വാഹനം തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണൂര്‍ സൗത്ത് ബസാറില്‍ രാവിലെ തുറന്ന സ്വകാര്യ മാള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു.