തിരുവനന്തപുരം: തലസ്ഥാനത്ത് വ്യക്തമായ ആസൂത്രണത്തിലൂടെ നടന്ന അക്രമപരമ്പരയെന്ന് പൊലീസ്. ഐരാണിമുട്ടം ഹോമിയോ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ കൊടിമരത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ലക്ഷങ്ങളുടെ നാശനഷ്ടത്തിനിടയാക്കിയ അക്രമങ്ങള്‍ക്കിടയാക്കിയത്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അക്രമസംഭവങ്ങളുമായി ബന്ധഘപ്പെട്ട് അറസ്റ്റിലായ കുന്നുകുഴി വാർഡ് കൗണ്‍സിലർ ഐപി ബിനുവടക്കം അഞ്ച് സിപിഎം പ്രവർത്തകരെയും ആറ് ബിജെപി പ്രവത്തകരെയുമാണ് റിമാൻഡ് ചെ്യതത്. അക്രമങ്ങള്‍ക്കു പിന്നിൽ പ്രവർത്തിച്ച 10ലധികം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ബീനിഷ് കോടിയേരിയുടെ വീട് ആക്രമിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യക്തമായ ആൂത്രണത്തിൻറെ ഭാഗമായാണ് തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ അക്രമം അഴിച്ചുവിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഐരാണിമുട്ടംഹോമിയോ കോളജിൽ എസ്എഫ്ഐയുടെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കമാണ് ചാലയിൽ ജനപ്രതിനിധികളുടെ വീട്ടിനേരെ ആക്രമണത്തിൽ കലാശിച്ചത്. കോളേജിനുള്ളിലുണ്ടായ തർക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചു. ഇതിനുശേഷവും ചെറിയ സംഘർഷമുണ്ടായി. ഇതേ തുടർന്ന് എബിവിപിയുടെ നേതാവിൻറെ വീട്ടിനേരെ ആക്രണമം നടന്നു. പിന്നീട് സിപിഎം ചാല ഏര്യാ സെക്രട്ടറിയുടെ വീട് ഒരു സംഘം ആക്രമിച്ചു. പിന്നീട് പൊലീസിനു പോലും നിയന്ത്രിക്കാൻ കഴിയുന്നതിനും മുമ്പേ മണിക്കൂറുകള്‍ക്കുള്ളിൽ നഗരത്തിലെ ഭാഗങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി.
അറസ്റ്റിലായവരുടെ ഫോണ്‍ വിളികളിൽ നിന്നുതന്നെ ആസൂത്രണം വ്യക്തമാണെന്ന് പൊലീസ് പറയുന്നു. കോളജില്‍ സംഘർഷം തുടങ്ങിയപ്പോള്‍ തന്നെ പരസ്പരം ആക്രമിക്കാനുള്ള ആസൂത്രണവും തുടങ്ങിയിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രിയും ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പരിശോധന നടന്നു.
