കാലടി ശ്രീശങ്കര സർവകലാശാലയിലുള്ള ഡോ.സുനിൽ പി.ഇളയിടത്തിന്‍റെ ഓഫീസിന് നേരെയാണ് ആക്രമണം. ബോർഡ് പൊളിച്ചുമാറ്റുകയും വാതിൽക്കൽ കാവി നിറത്തിൽ അപായചിഹ്നം വരച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കാലടി: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സംഘപരിവാർ സംഘടനകൾക്കെതിരെ നിലപാടെടുത്ത പ്രഭാഷകനും അധ്യാപകനും വാഗ്മിയുമായ ഡോ.സുനിൽ പി. ഇളയിടത്തിന്‍റെ കാലടി സംസ്കൃത സർവകലാശാലയിലുള്ള ഓഫീസിന് നേരെ ആക്രമണം. ഓഫീസിന് മുന്നിൽ സുനിൽ പി. ഇളയിടത്തിന്‍റെ പേരെഴുതിയ നെയിം ബോർഡ് പൊളിച്ചു കളഞ്ഞ അക്രമികൾ, അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയ്ക്ക് മുന്നിൽ കാവി ചായം കൊണ്ട്, അപായ ചിഹ്നവും വരച്ചു വച്ചിട്ടുണ്ട്.

നേരത്തേ, സുനിൽ പി.ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലാൻ സംഘപരിവാർ അനുകൂലികൾ ഫേസ്ബുക്കിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഫേസ്ബുക്കിൽ തുടർച്ചയായി സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയത്.

Read More: സുനിൽ പി.ഇളയിടത്തെ കല്ലെറിഞ്ഞു കൊല്ലാൻ ഫേസ്ബുക്കിൽ ആഹ്വാനം

'സുദർശനം' എന്ന സംഘപരിവാർ അനുകൂല ഫേസ്ബുക്ക് പേജ് സുനിൽ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമാണ് ഇയാളുടെ ഭീഷണി. നുണകൾ ആവർത്തിക്കുന്ന സുനിൽ പി.ഇളയിടം ഭൂമിക്ക് ഭാരമാണെന്നും ഇയാൾ കമന്‍റിൽ എഴുതിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുനിൽ പി. ഇളയിടം സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിരന്തരം പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതാണ് പ്രകോപനത്തിന് കാരണം.

Read More: 'മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക': ഇത് തന്‍റെ വാക്കുകളെല്ലെന്ന് സുനിൽ പി.ഇളയിടം