മലപ്പുറത്ത് തീരദേശ മേഖല സംഘര്‍ഷഭരിതം തിരൂരില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു സി.പി.എം,മുസ്ലീം ലീഗ് പ്രവര്‍ത്തകര്ക്ക് വെട്ടേറ്റു ഒരുമാസത്തിനിടെ വെട്ടേറ്റത് ആറ് പേര്‍ക്ക് പരസ്പ്പരം പഴിചാരി ലീഗും സിപിഎമ്മും സ്ഥലത്ത് കനത്ത പൊലീസ് കാവല്‍

മലപ്പുറത്തെ തീരദേശ മേഖലയില്‍ സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം തുടരുന്നു. ഒരു മാസത്തിനിടെ മുസ്ലീം ലീഗ്,സി.പി.എം പ്രവര്‍ത്തകരായ ആറ് പേര്‍ക്കാണ് തിരൂരില്‍ വെട്ടേറ്റത്.ഇരു പാര്‍ട്ടികളിലുംപെട്ടവരുടെ പതിനഞ്ചോളം വീടുകളും തകര്‍ത്തു. ചെറിയൊരു ഇടവേളക്ക് ശേഷം കഴിഞ്ഞമാസം പകുതിയോടെയാണ് തിരൂരിലെ തീരദേശ മേഖല വീണ്ടും രാഷ്ട്രീയ സംഘര്‍ഷഭരിതമായത്.പഴയ രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ പ്രതികാരമായി പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം.

പിന്നാലെ കൂട്ടായിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനും വെട്ടേറ്റു.പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സി.പി.എം,മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മൂന്നു പേര്‍ക്കുകൂടി വെട്ടേറ്റു.ഇന്നലെ രാത്രി ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകനുകൂടി കൂട്ടായിയില്‍ വെട്ടേറ്റു. കൈക്കും കാലിനും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിക്കുന്നതുകാരണം പലരും ദിവസങ്ങളോളമായി ആശുപത്രികളില്‍ ചികിത്സയിയില്‍ കഴിയുകയാണ്.ഇതോടൊപ്പം രാഷ്ട്രീയ എതിരാളികളുടെ വീടുകള്‍ തകര്‍ക്കുന്നതും വാഹനങ്ങള്‍ കത്തിക്കുന്നതും തീരദേശമേഖലയില്‍ പതിവ് സംഭവങ്ങളാണ്.അക്രമങ്ങളില്‍ പരസ്പ്പരം പഴി ചാരുകയാണ് സി.പി.എമ്മും മുസ്ലീം ലീഗും ചെയ്യുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ മാസം പതിനഞ്ചിനും പതിനാറിനും താനൂര്‍ ,തിരൂര്‍ തീരദേശമേഖലകളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.നിരോധനാജ്ഞയില്‍ ഇളവ് വരുത്തിയതിനു പിന്നാലെ സംഘര്‍ഷങ്ങളും തുടങ്ങി.സ്ഥലത്ത് വൻ പൊലീസ് സന്നാഹം രാത്രിയിലും പകലും ഒരു പോല ക്യാമ്പ് ചെയ്യുന്നുണ്ട്.