ആലുവയിൽ എസ് ഐ അടക്കമുള്ളവർക്ക് മർദ്ദനം പാർക്കിംഗിനെ ചൊല്ലിയുള്ള സംഘർഷം തടയുന്നതിനിടെ ഏഴു വരാപ്പുഴ സ്വദേശികൾ പിടിയിൽ
കൊച്ചി: ആലുവയിൽ എസ്ഐ അടക്കമുള്ള പൊലീസ് സംഘത്തിനു നേരെ ഗുണ്ട ആക്രമണം. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്വദേശികളായ ഏഴു പേരെ അറസ്റ്റു ചെയ്തു.
ആലുവ ബൈപാസ്സ് റോഡിൽ നാലു മണിയോടെയാണ് സംഭവം. ദേശം സ്വദേശി അൽബാബിൻറെ ഹോട്ടലിനു മുന്നിൽ ടെമ്പോ ട്രാവലറിലെത്തിയ സംഘം വാഹനം നിർത്തിയിട്ടു. കടയിലേക്കുള്ള വഴിയടച്ചു പാർക്കു ചെയ്തിരുന്ന വാഹനം മാറ്റിയിടണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ തർക്കമായി. തർക്കത്തിനൊടുവിൽ വാഹനത്തിലെത്തിയ സംഘം കടയുടമയെ മർദ്ദിച്ചു. ഇതു കണ്ടെത്തിയ അൽബാബിൻറെ മകൻ അബ്ദുള്ളക്കും മർദ്ദനമേറ്റു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആലുവ എസ്ഐ ഫൈസലിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അക്രമികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ എസ്ഐ അടക്കമുള്ളവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
അലുവ സിഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ആക്രമികളെ പിടികൂടിയത്. വാരാപ്പുഴ സ്വദേശികളായ ബ്ലെസ്സൻ, സച്ചിൻ, പെട്രോ, കിരൺ ജോസ്, അനിൽ, അമൽ, വിശാൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേർ ഓടി രക്ഷപെട്ടു. മർദ്ദനമേറ്റ കടയുടമയും മകനും ആശുപത്രിയിൽ ചികിത്സയിലാണ്. എസ് ഐ ഫൈസലും ആശുപത്രിയിൽ ചികിത്സ തേടി.
