നേരത്തെ ആശുപതിയിലെത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
പാലക്കാട്: കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് അട്ടപ്പാടിയിൽ പണി തീരാത്ത വീടിന്റെ സൺഷേഡ് തകർന്നുവീണ് മരിച്ച കുട്ടികളുടെ അമ്മ ദേവി ഏഷ്യാനെറ്റ് ന്യൂസിനോട്. മടിയിലെടുത്ത് വെച്ചപ്പോൾ ഒരാൾക്ക് അനക്കമുണ്ടായിരുന്നെന്ന് ദേവി കണ്ണീരോടെ പറഞ്ഞു. പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. നേരത്തെ ആശുപതിയിലെത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫണ്ട് തരാത്തതിനാലാണ് വീട് പണി പൂർത്തിയാക്കാനാവാത്തത് എന്ന് ബന്ധു കുറുമ്പൻ പറഞ്ഞു. പ്രമോട്ടറും പഞ്ചായത്തംഗവും തിരിഞ്ഞു പോലും നോക്കാറില്ലെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.
അപകടത്തിന് കാരണം ഐടിഡിപിയുടെ അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഐടിഡിപി നിർമ്മാണം ആരംഭിച്ച നിരവധി വീടുകൾ പാതിവഴിയിൽ പണി തീരാതെ കിടക്കുന്നു. ഇത്തരത്തിൽ പാതി പണി കഴിഞ്ഞ വീട്ടിലാണ് അപകടമുണ്ടായതെന്നും ജില്ലാ കോൺഗ്രസ് അംഗം ഷിബു സിറിയക്ക് ആരോപിച്ചു. ബലക്ഷയമുള്ള വീടുകൾ പൊളിച്ചു നീക്കാൻ ഉടൻ നടപടി വേണന്നും ആവശ്യപ്പെട്ടു.
പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് വീണ് 7ഉം 4ഉം വയസുള്ള ആദിയും അജ്നേഷും മരിച്ചത്. ബന്ധുവായ 6 വയസുള്ള അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സൈലൻ്റ് വാലിയോട് ചേർന്നാണ് കരുവാര ഉന്നതി . ഇവിടെ 8 വർഷമായി പണി പാതിയായി കിടക്കുന്ന വീടാണ് ഇടിഞ്ഞു വീണത്. ആൾ താമസമുള്ള വീടല്ല .മേൽക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ കെട്ടിടമായിരുന്നു. അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദിയും അജ്‌നേഷും ബന്ധുവായ അഭിനയയും ഇവിടെ കളിക്കാൻ എത്തിയതാണ്. വീടിൻ്റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു. പെട്ടെന്നാണ് അപകടം സംഭവിച്ചത്.
മുക്കാലിയിൽ നിന്നും 4 കിലോമീറ്റർ വനത്തിനകത്താണ് കരുവാര ഉന്നതി. മൊബൈൽ ഫോൺ റേഞ്ചില്ല. ഫോണിൽ പുറത്താരെയും ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ഇതോടെ അടുത്തുള്ള വീട്ടിലെ സ്കൂട്ടറിൽ താഴേക്ക് എത്തിച്ചു. അവിടെ നിന്നും വനം വകുപ്പിന്‍റെ വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചു. തൊട്ടടുത്താണ് കുട്ടികളുടെ വീട്.സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാറുമുണ്ട്. കുട്ടികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. അഗളി ആശുപതിയിലാണ് മൃതദ്ദേഹങൾ സൂക്ഷിച്ചിരിക്കുന്നത്.



