ഓഫീസിലെ മേശയിലും കസേരയിലും ഡീസല്‍ ഒഴിച്ച ശേഷം, തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു
തിരുവനന്തപുരം: മാറനല്ലൂര് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില് അതിക്രമിച്ചു കയറി ഡീസല് ഒഴിച്ചു തീ കൊളുത്താന് ശ്രമിച്ച രണ്ടു പേര് പോലീസ് പിടിയിലായി. അനധികൃത മതില് നിര്മ്മാണത്തിന് പഞ്ചായത്ത് അനുമതി നല്കിയെന്നാരോപിച്ചായിരുന്നു അക്രമം. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. എസ്ടി മോര്ച്ച മണ്ഡലം സെക്രട്ടറി രാജന്, യൂത്ത് കോണ്ഗ്രസ് നെല്ലിക്കാട് വാര്ഡ് പ്രസിഡന്റ് സുരേഷ് കുമാര് എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില് അതിക്രമിച്ചു കയറിയത്.
ഓഫീസിലെ മേശയിലും കസേരയിലും ഡീസല് ഒഴിച്ച ശേഷം, തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസും പഞ്ചായത്ത് ജീവനക്കാരും ചേര്ന്ന് ഇവരെ പിടികൂടി. പഞ്ചായത്ത് സെക്രടറി ആര്.ടി ബിജുകുമാര്, മാറനല്ലൂര് പോലിസ് സ്റ്റേഷന് എഎസ്സ്ഐ മണികണ്ടന്, ഗ്രേഡ് എസ്ഐ വിന്സെന്റ് എന്നിവര്ക്ക് പരിക്കേറ്റു.
ഇവര് നെയ്യാറ്റിന്കര ആശുപത്രിയില് ചികിത്സയിലാണ്. പൊളിഞ്ഞു വീണ മതില് പുനര്നിര്മ്മിക്കാന് പഞ്ചായത്തില് നല്കിയ അപേക്ഷയുടെ മറവില് സ്വകാര്യ വ്യക്തി റോഡ് കയ്യേറിയെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. എന്നാല് അപേക്ഷയുടെ അടിസ്ഥാനത്തില് പരിശോധന നടത്തിയെന്നും നിര്മ്മാണത്തിന് അനുമതി നല്കിയിരുന്നില്ല എന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
