സൗദി ഓജറില്‍ ജോലി നഷ്‌ടപ്പെട്ട പതിനായിരത്തില്‍ ഭൂരിഭാഗം പേരും അമ്പത് വയസ്സിന് മുകളിലുള്ളവരാണ്. നിര്‍മ്മാണ മേഖലയില്‍ വലിയ ശമ്പളം പറ്റുന്ന ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജോലി നഷ്‌ടമായത്. എന്റ് ഓഫ് സര്‍വീസ് ബെനിഫിറ്റും ശമ്പള കുടിശ്ശികയുമടക്കം ലക്ഷങ്ങളാണ് ഇക്കൂട്ടത്തില്‍ പലര്‍ക്കും കിട്ടാനുള്ളത്. ഫൈനല്‍ എക്‌സിറ്റ് അടിച്ച് നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുമ്പോള്‍ ആനുകൂല്യങ്ങള്‍ കൂടി നേടിത്തരാന്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി അധികൃതര്‍ പല തവണ ശമ്പള കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പറഞ്ഞ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. നിര്‍മ്മാണ മേഖലയിലെ ജോലികള്‍ കഴിഞ്ഞ എട്ടുമാസമായി പൂര്‍ണമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ ക്യാമ്പില്‍ കഴിയുകയാണ്. ഇക്കാമ പുതുക്കാന്‍ പറ്റാത്തതിനാല്‍ പുറം ജോലികളില്‍ ഏര്‍പ്പെടാനും ഇവര്‍ക്ക് സാധിക്കില്ല. മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലികള്‍ നടക്കുന്നുണ്ടെങ്കിലും എട്ടുമാസമായി ശമ്പളമില്ല

തൊഴില്‍ മന്ത്രാലയത്തിന്റെ വേതന സുരക്ഷാ പദ്ധതിയനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനാല്‍ സൗദി ഓജര്‍ കമ്പനിക്കുള്ള സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ മക്കാ വിഭാഗം മീഡിയാ ഡയറക്ടര്‍ അഹമ്മദ് അല്‍ഗാംദി പറഞ്ഞു. ഇതുമൂലമാണ് തൊഴിലാളികളുടെ ഇഖാമകള്‍ പുതുക്കാന്‍ സാധിക്കാത്തതെന്നാണ് കമ്പനി അധികൃതരുടെ വാദം.