തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും അതിസമര്‍ഥമായാണു കൊലപാതകത്തിനു തിരക്കഥയൊരുക്കിയത്. അവിഹിത ബന്ധം തുടരാന്‍ അനുശാന്തിയുടെ ഭര്‍ത്താവിന്റെ കുടുംബത്തെയാകെ വകവരുത്താന്‍ ഇരുവരും പദ്ധതിയിടുകയായിരുന്നു.
2014 ഏപ്രില്‍ 16നു ലിജീഷിന്റെ അമ്മ ഓമനയും മകള്‍ സ്വാസ്തികയും ഈ വീട്ടിലുളളപ്പോഴാണു നിനോ മാത്യു എത്തിയത്. വീട്ടിലേക്കും, കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാനുമുള്ള വഴികളെല്ലാം അനുശാന്തി മൊബൈലില്‍ നിനോ മാത്യുവിന് അയച്ചിരുന്നു. ലിജീഷിന്റെ് സുഹൃത്താണെന്നും കല്യാണം വിളിക്കാന്‍ വന്നതാണെന്നുമുളള മുഖവുരയോടെയാണു നിനോ മാത്യു വീടിനുളളിലേക്കു കയറുന്നത്.
പുറത്തായിരുന്ന ലിജീഷിനെ ഓമനയെക്കൊണ്ടു ഫോണില്‍ വിളിച്ചുവരുത്തി. നിനോ മാത്യുവിന്റെ ശരീരഭാഷയില്‍ സംശയം തോന്നിയ ഓമന കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായി ബാഗിലിരുന്ന വെട്ടുകത്തിയെടുത്ത് ഓമനയെ വെട്ടി. കരഞ്ഞ സ്വാസ്തികയേയും നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തി.
മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നു വരുത്താന്‍ ഓമനയുടേയും കുഞ്ഞിന്റയും ആഭരണങ്ങള്‍ ഊരി ബാഗിലിട്ടു. ഇതിനു ശേഷം വീട്ടില്‍ ഒളിച്ചിരുന്ന നിനോ മാത്യു, ലിജീഷ് വന്നയുടന്‍ മുളകുപൊടിയെറിഞ്ഞു. തലയ്ക്കു പിന്നില്‍ വെട്ടി. പുറത്തേക്ക് നിലവിളിച്ചോടിയ ലിജീഷ് ഗെയിറ്റ് കടന്ന് റോഡിലേത്തി. ഈ സമയം അനുശാന്തി നേരത്തെ പറഞ്ഞു കൊടുത്ത വഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. തിരിച്ചുകയറിയ ലിജീഷ് കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയും മകളെയുമാണ്.
ബസില്‍ കയറി കുഴിവിളയിലെ വീട്ടിലെത്തിയ നിനോ മാത്യുവിനെ അന്നു വൈകിട്ടുതന്നെ പൊലീസ് പിടികൂടുകയായിരുന്നു. ലിജീഷ് നല്‍കിയ മൊഴി ഏറെ നിര്‍ണായകമായി. 83 ദിവസം കൊണ്ടു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2015 ഒക്ടോബര്‍ 12നാണു വിചാരണ നടപടികള്‍ തുടങ്ങിയത്.
