Asianet News MalayalamAsianet News Malayalam

പട്ടാപ്പകല്‍ യുവാവിന്‍റെ കൊല: പിന്നില്‍ കാമുകിയുടെ ഭര്‍ത്താവ്

Attingal murder case
Author
Thiruvananthapuram, First Published Jul 5, 2016, 9:42 AM IST

ആറ്റിങ്ങൽ:  തിരുവനന്തപുരം ആറ്റിങ്ങലില്‍ ബൈക്കിൽ വരികയായിരുന്ന  ദിലീപ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സിനിമകഥയെ വെല്ലുന്ന സംഭവങ്ങള്‍.  കൊലപാതകത്തില്‍ ദിലീപിന്‍റെ കാമുകിയുടെ ഭർത്താവ് മുരുകനെ പൊലീസ് അറസ്റ്റുചെയ്തു. മുരുകന്‍റെ ഭാര്യ അനുവുമായി ദിലീപ് തുടർന്നിരുന്ന ബന്ധം മുരുകൻ വിലക്കിയിട്ടും തുടർന്നതും ഗൾഫിലായിരുന്ന മുരുകൻ അയച്ചുകൊടുത്ത പണത്തിൽ നാലുലക്ഷത്തോളം രൂപ അനുവിൽ നിന്നു ദിലീപ് തട്ടിയെടുക്കുകയും ചെയ്ത വിരോധമാണ് കൊലയിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. 

സംഭവം സംബന്ധിച്ച പൊലീസ് പറയുന്നത് ഇങ്ങനെ, മുരുകനും അനുവും 13 വർഷം മുമ്പാണ് വിവാഹിതരാകുന്നത്. ഇതിൽ അഞ്ചുവയസ്സുളള പെൺകുട്ടിയുണ്ട്. തമിഴ്നാട്ടിൽ നിന്നു കിഴുവിലത്തെത്തി താമസിച്ചിരുന്ന ഷക്കീലയാണ് മുരുകനെ പ്രണയിക്കുകയും തുടർന്ന് അനുവെന്നു പേരുമാറ്റി വിവാഹം കഴിക്കുകയും ചെയ്തത്. 

ഇടക്കാലത്ത് മുരുകൻ ഗൾഫിൽ പോയി. ഈ സമയം അനുവും ദിലീപും സൗഹൃദത്തിലായി. ദീലീപും പിന്നീട് ഗൾഫിലെത്തി. ലീവിലെത്തുമ്പോഴൊക്കെ ബന്ധം തുടരുകയും ചെയ്തു. വിവരം മുരുകൻ അറിയുകയും വീട്ടിൽ ഇതേച്ചൊല്ലി കലഹം നടക്കുകയും ചെയ്തു. ഇതിനിടെ, വീടിന്റെ ലോൺ അടയ്ക്കാനായി മുരുകൻ ഗൾഫിൽ നിന്ന് അയച്ചുകൊടുത്തിരുന്ന തുകയിൽ നാലുലക്ഷത്തോളം രൂപ അനുവിൽ നിന്നു പല തവണയായി കൊല്ലപ്പെട്ട ദിലീപ് കൈക്കലാക്കുകയും ചെയ്തു. 

നാലുമാസം മുമ്പ് ഇതേച്ചൊല്ലി മുരുകനും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ദിലീപ് രണ്ടുലക്ഷം രൂപ മടക്കി നൽകി. ബാക്കി തുക ഉടൻ നൽകണമെന്നും ബന്ധം തുടരരുതെന്നും മുരുകൻ മുന്നറിയിപ്പു നൽകി. രണ്ടുമാസം മുമ്പാണ് ദിലീപ് ഗൾഫിൽ നിന്നു നാട്ടിലെത്തുന്നത്. 25നു മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു.

ഞായറാഴ്ച വീട്ടിൽ ഉറക്കത്തിലായിരുന്ന മുരുകനോട് അയൽക്കൂട്ടത്തിനു പോകുന്നുവെന്നു പറഞ്ഞ് പുറത്തുപോയ അനു ദിലീപുമായി സംസാരിച്ചുനിൽക്കുന്നതു മുരുകൻ കണ്ടു. ഇതു ചോദ്യം ചെയ്തപ്പോൾ പ്രകോപനപരമായ മറുപടിയാണ് അനുവിൽ നിന്നുണ്ടായത്.

ബൈക്ക് തടഞ്ഞു ദിലീപിനെ തളളിത്താഴെയിട്ട് വീട്ടിലെ വെട്ടുകത്തി കൊണ്ട് മുരുകൻ വെട്ടുകയായിരുന്നു. കഴുത്തിൽ ഇടതു ഭാഗത്ത് ഏറ്റ ആഴത്തിലുളള വെട്ടാണ് മരണകാരണമായത്. കഴുത്തിൽ രണ്ടും കയ്യിൽ ഒരു വെട്ടുമേറ്റിരുന്നു. വെട്ടേറ്റ് റോഡിൽ വീണ ദിലീപിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios