മെല്‍ബണ്‍: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ആരാധനാമൂര്‍ത്തി ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഓസ്‌ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച പരസ്യത്തിനെതിരെയാണ് വിശ്വാസികളുടെ പ്രതിഷേധം. ഒരു മാംസവ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് മാംസം കഴിക്കുന്നതായി ചിത്രീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗണപതി ഒരിക്കലും മാംസം കഴിക്കില്ല. ഇത് ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. ഇതേ സമയം പരസ്യം ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി എന്നു മനസ്സിലാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉടന്‍ ഇത് നിരോധിച്ചു. ഹിന്ദു ആചാര പ്രകാരം ഗണപതി സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്. 

യേശുക്രിസ്തു, ബുദ്ധന്‍, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാംസാഹാരം കഴിക്കുന്നതാണ് പരസ്യത്തിലുള്ളത്. പരസ്യം പുറത്തുവന്ന നിമിഷങ്ങള്‍ക്കകം ഹിന്ദു അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരസ്യത്തിനെതിരെ 30 ഓളം പരാതികള്‍ ലഭിച്ചതായി ഓസ്‌ട്രേലിയന്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ് ബ്യൂറോ അധികൃതര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് പരസ്യം നിരോധിച്ചത്.