മാര്‍പ്പാപ്പയുടെ ഉപദേശകനും വത്തിക്കാന്‍ ട്രഷററുമായ വത്തിക്കാനിലെ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഓസ്‌ട്രേലിയന്‍ പൊലീസാണ് കേസെടുത്തത്. എന്നാല്‍ ജോര്‍ജ്ജ് പെല്‍ ആരോപണം നിഷേധിച്ചു.

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് കര്‍ദിനാള്‍ജോര്‍ജ് പെല്ലിനെതിരെ ഓസ്‌ട്രേലിയന്‍ പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ പീഡിപ്പിച്ചതായി ആരോപിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും വികോട്റിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ പറഞ്ഞു. കര്‍ദിനാള്‍ പെല്ലിന് പ്രത്യേക പരിഗണന നല്‍കില്ലെന്നും അദ്ദേഹം ജൂലൈ 18ന് മെല്‍ബണ്‍ ​മജിസ്ട്രേറ്റ്​ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നും പൊലീസ് പറയുന്നു. എന്നാല്‍ പെല്‍ ആരോപണം നിഷേധിച്ചു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉടന്‍ തന്നെ ഓസ്‌ട്രേലിയയില്‍ എത്തി നിരപരാധിത്വം തെളിയിക്കുമെന്നും പെല്‍ അറിയിച്ചു. വത്തിക്കാനിലെ ഉന്നത വൃത്തങ്ങളില്‍ മൂന്നാമനാണ് 76 കാരനായ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍. ജോര്‍ജ് പെല്ലിനെതിരേ ഫ്രാന്‍സീസ് മാര്‍പ്പാപ്പ എന്ത് നടപടി സ്വീകരിക്കുമെന്നാണ് വത്തിക്കാന്‍ ജനത ഉറ്റു നോക്കുന്നത്.