ആധുനിക ചലച്ചിത്ര ശാഖയുടെ വക്താവായ കോക്‌സ്, ചലച്ചിത്ര മേളകളിലൂടെ മലയാളികള്‍ക്കും പരിചിതനാണ്. മലയാള സിനിമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കോക്‌സ്, കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാനുമായിരുന്നു. 2009ല്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയനായ അദ്ദേഹം പിന്നീട് അവയവ ദാനത്തെകുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനും ശ്രമിച്ചു.

മാന്‍ ഓഫ് ഫ്ലവേഴ്‌സ്, ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി, ലോണ്‍ലി ഹാര്‍ട്ട്സ്, ഇന്നസെന്‍സ് തുടങ്ങിയവയാണ് കോക്‌സിന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞ കമിതാക്കള്‍, മധ്യവയസ്സില്‍ വീണ്ടും ഒന്നിക്കുന്ന കഥപറഞ്ഞ കോക്‌സിന്റെ 'ഇന്നസെന്‍സ്' എന്ന ചിത്രം ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി. ബ്ലസ്സിയുടെ പ്രണയം എന്ന ചിത്രത്തിന്, ഇന്നസെന്‍സുമായുള്ള സാമ്യം വിവാദമായപ്പോള്‍, കേരളത്തിലെത്തിയ കോക്‌സ്, ബ്ലെസ്സിയെ പിന്തുണക്കുകയായിരുന്നു. ചലച്ചിത്രകാരന്മാര്‍ സമാന രീതിയില്‍ ചിന്തിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു വിവാദങ്ങളോടുള്ള പോള്‍ കോക്‌സിന്റെ പ്രതികരണം.