ദില്ലി: അദാനിഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ നടത്തിയ നികുതിവെട്ടിപ്പിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ വംശജയായ അമൃത സ്ലീ അടക്കമുള്ളവര്‍ക്കാണ് കേന്ദ്രം ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചത്. സിഡ്‌നിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ കഴിഞ്ഞ നവംബറിലാണ് ഇവര്‍ വിസയ്ക്കായി അപേക്ഷിച്ചത്. ജനുവരി വരെ കാത്തിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. 

അതിനുശേഷം, വിസയ്ക്കായി നിരവധി തവണ അന്വേഷിക്കുകയും ഇമെയില്‍ അയക്കുകയും ചെയ്തു. ഡല്‍ഹിയില്‍ വിളിച്ച് അന്വേഷിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അമൃത സ്ലീ പറഞ്ഞു. അദാനിക്കെതിരായ വാര്‍ത്തകളാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്ന് അമൃത സ്ലീ ആരോപിക്കുന്നു. അദാനിഗ്രൂപ്പിന്റെ കല്‍ക്കരിപ്പാടങ്ങളെക്കുറിച്ച് കഴിഞ്ഞവര്‍ഷം എബിസി ന്യൂസ് പുറത്തുവിട്ട വാര്‍ത്തയാണ് വിസ നിഷേധത്തിനുള്ള കാരണമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ സൂചിപ്പിച്ചതായി അമൃത സ്ലീ പറഞ്ഞു. ''മഹാന്മാരായ നേതാക്കള്‍ സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്ന എന്റെ പ്രതീക്ഷ തെറ്റി. എന്റെ വിശ്വാസം ശരിയല്ലെന്ന് ഇന്ത്യയിലെ സുഹൃത്തുക്കള്‍ പറയാറുണ്ടായിരുന്നു. കടുപ്പമേറിയ സത്യം എനിക്ക് ഇപ്പോള്‍ നേരിട്ട് ബോധ്യമായിരിക്കുന്നു'' അമൃത സ്ലീ പറഞ്ഞു. 

Scroll to load tweet…

ഓസ്‌ട്രേലിയന്‍ വിദേശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓസ്‌ട്രേലിയ ഇന്ത്യ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് അമൃത സ്ലീയും സഹപ്രവര്‍ത്തകരും ഇന്ത്യയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പദ്ധതിയിട്ടത്. ഇന്ത്യയിലെ പ്രമുഖരുമായും സാധാരണക്കാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു ലക്ഷ്യം. അതേസമയം, എബിസി ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ ഈയിടെ വിസാ നിയമങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് അമൃത സ്ലീയുടെയും കൂട്ടരുടെയും അപേക്ഷ തള്ളിയതെന്നാണ് സിഡ്‌നിയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ വിശദീകരണം. അദാനിഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ ഏറ്റെടുത്ത കല്‍ക്കരിപ്പാടം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍, അദാനി കുടുബാംഗങ്ങള്‍ ഉള്‍പ്പെട്ട 'അതുല്യ റിസോഴ്‌സസ്' എന്ന കമ്പനിയുടെ പേരിലാണെന്ന് എബിസി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.