പെനാല്‍റ്റിയിലൂടെ ജെഡ്‌നാക്ക് ഓസീസിനെ ഒപ്പമെത്തിച്ചു.

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയ- ഡെന്‍മാര്‍ക്ക് മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഏഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സന്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചു. എന്നാല്‍ 39ാം മിനിറ്റില്‍ ജെഡ്‌നാക്ക് പെനാല്‍റ്റിയിലൂടെ സോക്കറൂസിനെ ഒപ്പമെത്തിച്ചു.

ഓസ്‌ട്രേലിയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ഗോള്‍ നേടിയത് ഡെന്‍മാര്‍ക്കാണെന്ന് മാത്രം. ഓസ്‌ട്രേലിയന്‍ ബോക്‌സില്‍ ജോര്‍ഗന്‍സന്‍ നല്‍കിയ പന്ത് ടോട്ടന്‍ഹാം താരം ഒരു തകര്‍പ്പന്‍ വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആദ്യപകുതി അവസാനിക്കും മുമ്പ് ഓസീസിന്റെ സമനില ഗോളെത്തി. പെനാല്‍റ്റിയിലൂടെ ജെഡ്‌നാക്ക് ഓസീസിനെ ഒപ്പമെത്തിച്ചു. ലെക്കി റോസിന്റെ ഗോളെന്നുറച്ച് ഹെഡ്ഡര്‍ യൂസുഫ് ഫോള്‍സന്‍ കൈക്കൊണ്ട് തടഞ്ഞതാണ് ഡെന്മാര്‍ക്കിന് വിനയായത്.

സമനിലയോടെ ഡെന്‍മാര്‍ക്കിന് നാല് പോയിന്റായി. ഓസീസിന് ഒരു പോയിന്റ് മാത്രമാണുള്ളത്. അടുത്ത മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ചെങ്കില്‍ മാത്രമേ ഓസ്‌ട്രേലിയക്ക് എന്നാല്‍ എന്തെങ്കിലും സാധ്യതകള്‍ അവശേഷിക്കുന്നുള്ളു. മാത്രമല്ല, പെറു ഇന്ന് ഫ്രാന്‍സിനോട് പരാജയപ്പെടുകയും വേണം. അടുത്ത മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചാല്‍ പോലും ഡെന്‍മാര്‍ക്കിന് നോക്കൗട്ട് റൗണ്ടിലെത്താം.

Scroll to load tweet…