യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ അനധികൃതമായി പലരും സര്‍വീസ് നടത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സ്വദേശികളും വിദേശികളും ഈ കൂട്ടത്തിലുണ്ട്. സ്വന്തം കാര്‍ ഉപയോഗിച്ച് ഈ മേഖലയില്‍ സര്‍വീസ് നടത്താനുള്ള അവസരം ദുരുപയോഗം ചെയ്യുകയാണ് പലരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത സ്വദേശികള്‍ക്കാണ് സ്വന്തം വാഹനം ഉപയോഗിച്ച് ഈ കമ്പനികള്‍ക്ക് കീഴില്‍ സര്‍വീസ് നടത്താനുള്ള അനുമതിയുള്ളത്. സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിദേശികള്‍ക്കും ഈ വാഹനം ഉപയോഗിക്കാം. അല്ലാതെ സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെയും നിയമവിരുദ്ധമായി വിദേശികളെ ജോലിക്ക് വെയ്ക്കുന്ന ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്‍റ് വിലക്കും കമ്പനി മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവും ലഭിക്കും. സ്വന്തം വാഹനം ടാക്‌സി സര്‍വീസിന് ഉപയോഗിക്കുന്ന വിദേശികള്‍ക്ക് 50,000 റിയാല്‍ പിഴയും, ആറു മാസത്തെ തടവും നാടു കടത്തലുമാണ് ശിക്ഷ. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെല്ലാം വാസില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ഗതാഗത മന്ത്രാലയം ഓര്‍മിപ്പിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ക്ക് നവംബര്‍ മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കില്ല. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന എല്ലാ കമ്പനികളും വ്യക്തികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള ഏതെങ്കിലും കമ്പനിയുമായി കരാര്‍ ഒപ്പ് വെക്കണം. 14 കമ്പനികള്‍ക്കാണ് ഇതുവരെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനു അനുമതി ലഭിച്ചിട്ടുള്ളത്.