ചോദ്യം കേട്ടയുടന്‍ തമിള്‍ഇസൈയുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ കതിറിനെ പിടിച്ചുവിലിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റുന്നതും മറ്റ് അനുയായികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ചെന്നൈ: ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയെക്കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷയോട് ചോദിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ചെന്നൈ സ്വദേശി കതിര്‍ ആണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിള്‍ഇസൈ സൗന്ദരരാജന്റെ അനുയായികളാല്‍ അക്രമിക്കപ്പെട്ടത്. 

ഞായറാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള തമിള്‍ഇസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തമിള്‍ഇസൈ മറുപടി പറയുന്നതിനിടെ തൊട്ടുപിന്നില്‍ നിന്നിരുന്ന കതിര്‍ ഉയരുന്ന പെട്രോള്‍ വിലയെക്കുറിച്ച് ചോദിക്കുകയായിരുന്നു. 'ഒരു നിമിഷം അമ്മ, കേന്ദ്രം ഇന്ധനവില ഉയര്‍ത്തുകയാണല്ലോ' എന്നായിരുന്നു കതിറിന്റെ ചോദ്യം. ചോദ്യം കേട്ടയുടന്‍ തമിള്‍ഇസൈയുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ കതിറിനെ പിടിച്ചുവിലിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റുന്നതും മറ്റ് അനുയായികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോഴും ഇത് കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയാണ് ബിജെപി നേതാവ്.

Scroll to load tweet…

ഉയരുന്ന ഇന്ധനവിലയോട് ഒരു ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അത് തെറ്റായാണ് എടുത്തതെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുമായി ദിവസേന വേണ്ടത് 500 രൂപയോളമാണ്. പക്ഷേ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓട്ടോ വാടകയും കഴിച്ച് 350 രൂപയേ മിച്ചംപിടിക്കാന്‍ ആവുന്നുള്ളൂ', മുതിര്‍ന്ന ഓട്ടോഡ്രൈവറായ കതിര്‍ പറഞ്ഞു. 85.31 രൂപയാണ് ചെന്നൈയിലെ ഇപ്പോഴത്തെ പെട്രോള്‍ വില.