ദില്ലി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയെയും കുഞ്ഞിനെയും മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ദില്ലിയിലെ മീതാപ്പൂര്‍ കനാലിനടുത്താണ് സംഭവം. ഓട്ടോഡ്രൈവറായ പവൻ എന്നയാളാണ് മരിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങാവെയാണ് കനാലിനടുത്തുള്ള പാലത്തിൽ ഒരു യുവതി കുഞ്ഞിനെയും കൈയിലെടുത്ത് നില്‍ക്കുന്നത് 
പവന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവതി കുഞ്ഞിനെയും കൊണ്ട് വെള്ളത്തിലേയ്ക്ക് എടുത്ത് ചാടിയത് കണ്ടയുടന്‍ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് പവന്‍ ഇവരെ രക്ഷിക്കാന്‍ കനാലിലേക്ക് എടുത്ത് ചാടുകയായിരുന്നു. അതേ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന രാജ് വീര്‍, ജമീല്‍, സഞ്ജീവ് എന്നിവര്‍ സമയോചിതമായി ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാൽ ഇതിനിടയിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽ പെട്ട് 
പവൻ മരിക്കുകയായിരുന്നു.

സംഭവം നടന്നയുടന്‍ മൂവരും അടുത്തുള്ള ജയ്റ്റ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേ സമയം  ഭര്‍ത്താവുമായുള്ള കലഹത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി പറഞ്ഞു. ധീരതയ്ക്കുള്ള ‘ജീവന്‍ രക്ഷാ’ അവാര്‍ഡിന് പവന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മയി ബിസ്വാല്‍ അറിയിച്ചു.