സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു  നിര്‍ണ്ണായക തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

കൊച്ചി: പൊലീസ് ഡ്രൈവ‍ർ ഗവാസ്ക്കറെ എഡിജിപിയുടെ മകള്‍ മ‍ർദ്ദിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ചിന് നിർണായക തെളിവുകള്‍ ലഭിച്ചു. ഗവാസ്ക്കറെ മർദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവ ദിവസം എഡിജിപിയുടെ മകളെയും ഭാര്യയെയും പേരൂർക്കടയിലെ വീട്ടിനു സമീപം ഇറക്കിയതായി ഡ്രൈവർ അമ്പാശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഔദ്യോഗികവാഹനത്തിൽ നിന്നും ഇറങ്ങിപോയ എഡിജിപിയുടെ മകള്‍ ഒരു ഓട്ടോയിൽ കയറി, വീണ്ടും തിരിച്ചെത്തി സീറ്റിലിരുന്ന മൊബൈലെടുത്ത് മർദ്ദിച്ചുവെന്നാണ് ഗവാസ്ക്കറുടെ മൊഴി. ഈ മൊഴി സാധൂകരിക്കുന്നതാണ് ഓട്ടോ ഡ്രൈവർ അമ്പാശങ്കറിൻറെ മൊഴി. പക്ഷെ മർദ്ദിക്കുന്നത് കണ്ടില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ഓട്ടോ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണ സംഘത്തിനെതിരെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. കവിടയാറുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവ സമയത്തിന് ശേഷം ഗവാസ്ക്കർ ഔദ്യോഗിക വാഹനമോടിച്ച് പോകുന്നത് പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടത്.

ഇതിനുമുമ്പ് കടന്നുപോയ ഓട്ടോയുടെ ഡ്രൈവർമാരെ ഓരോരുത്തരെയായി കണ്ടെത്തി ചോദിച്ചപ്പോഴാണ് അമ്പാശങ്കർ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. തൻറെ ഓട്ടോയിൽ കയറിവരെ കുറിച്ചാണ് വാർത്തകള്‍ വരുന്നതെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് അമ്പാശങ്കർ പറഞ്ഞു. ശനിയാഴ്ചയാണ് ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ഹർജികള്‍ പരിഗണിക്കുന്നത്. അടുത്ത മാസം ഒന്നിന് ഗവാസ്ക്കറുടെ രഹസ്യമൊഴിയെടുക്കും. പഞ്ചാബിലുള്ള പെണ്‍കുട്ടി തിരിച്ചെത്തിയശേഷം രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് മജിസ്ട്രേറ്റിന് വീണ്ടും അപേക്ഷ നൽകും.