കാസര്‍ഗോ‍ഡ്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പൊലീസ് പിടിയിലായി. കാസര്‍ഗോ‍ഡ് കുട് ലുവിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കഴിഞ്ഞ് സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ ഓട്ടോറിക്ഷയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള കേസ്.

മധൂര്‍ പട്ള സ്വദേശി സുരേഷാണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഓട്ടോയില്‍ വെച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഓട്ടോയുടെ പിന്നില്‍ സീറ്റുണ്ടായിട്ടും മുന്നിലിരുത്തിയും പിന്നീട് പിന്നിലെ സീറ്റില്‍വെച്ചും കുട്ടിയെ സുരേഷ് പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. വീട്ടിലേക്ക് നടന്നു വരികയായിരുന്ന കുട്ടിയ പരിചയക്കാരനായ സുരേഷ് നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നുവെന്നും രക്ഷിതാക്കളുടെ പരാതിയിലുണ്ട്.

കുട്ടിയെ കഴിഞ്ഞ വര്‍ഷം വരെ സ്കൂളില്‍ കൊണ്ടുചെന്നാക്കിയിരുന്നതും തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതും സുരേഷിന്‍റെ ഓട്ടോറിക്ഷയിലായിരുന്നു. പീഡന വിവരം കുട്ടി ക്ലാസ് അധ്യാപികയോട് പറയുകയും അദ്ധ്യാപിക ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയശേഷം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി.