പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ കാലുകള്‍ ഒടിഞ്ഞിരുന്നു, കരള്‍ തകര്‍ന്ന നിലയില്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:36 PM IST
autopsy report says baby's legs broke liver erupted during delivery in rajasthan
Highlights

പ്രസവത്തില്‍ കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നു. കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്ന് ഭാഗമായാണ് തനിക്ക് കുഞ്ഞിന്‍റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

ജയ്പൂര്‍: പ്രസവത്തിനിടെ ശരീരം രണ്ടായി മുറിഞ്ഞുപോയ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രസവത്തില്‍ കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നു. കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്ന് ഭാഗമായാണ് തനിക്ക് കുഞ്ഞിന്‍റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുരേന്ദ്ര ഡഗ്ഗര്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസവമെടുത്ത് പരിചയമില്ലാത്ത ജീവനക്കാര്‍ കാരണമാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായതെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു

രാജസ്ഥാനിലെ ജയ്‌സാല്‍മർ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്യുകയും ഹെല്‍ത്ത് സെന്‍റര്‍ ഇന്‍ ചാര്‍ജിനെ മാറ്റുകയും ചെയ്തു. 

ഗർഭപാത്രത്തിൽ അകപ്പെട്ട കുഞ്ഞിന്റെ പകുതിഭാഗവും കൊണ്ട് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർബന്ധിച്ചുവെന്ന് ദീക്ഷ ആരോപിച്ചു. ഇത്രയും ഗുരുതരമായൊരു പിഴവ് സംഭവിച്ചിട്ടും ബന്ധുക്കളെയോ ഭര്‍ത്താവ് തിലോകിനെയോ അറിയിച്ചില്ല. കൂടാതെ പുറത്തുവന്ന കുഞ്ഞിന്റെ മറുഭാഗം ഒളിപ്പിക്കാനാണ് ജീവനക്കാർ ശ്രമിച്ചതെന്നും അവർ ആരോപിച്ചു.

അതേ സമയം ഭാര്യ പ്രസവിച്ചുവെന്നും എന്നാൽ മറുപിള്ള ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് അധികൃതർ തന്നെ അറിയിച്ചതെന്ന് തിലോക് ഭാട്ടി പറഞ്ഞു. തുടർന്ന് ഇവരുടെ നിർദ്ദേശപ്രകാരം ദീക്ഷയെ ഉമൈദ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത്. ശേഷം ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കു‍ഞ്ഞിന്റെ ശരീരഭാഗം പൊലീസ് കണ്ടെത്തിയത്. 

loader