എരമംഗലം: അവില്‍മില്‍ക്കില്‍ പാല്‍ കൂടിയെന്നാരോപിച്ച് ദമ്പതികളും ബേക്കറി ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍ പുറത്ത് നിന്നൊരു സംഘം ബേക്കറി ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വെളിയങ്കോട്ടെ ബേക്കറിയിലാണ് സംഭവം. ബേക്കറിയില്‍ ജ്യൂസ് കഴിക്കാനായി കയറിയതായിരുന്നു ദമ്പതികള്‍. എന്നാല്‍ അവില്‍മില്‍ക്കില്‍ പാല്‍ കൂടിയെന്നാരോപിച്ചായിരുന്നു തര്‍ക്കം

തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മൂജീബ്, ദമ്പതിമാരായ ഷമീര്‍, മഹ്ഫൂസ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂജീബിനെ പൊന്നാനി ഗവ. ആശുപത്രിയിലും ദമ്പതിമാരെ കുന്നംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കടയില്‍ കയറി ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു. ചൊവ്വാഴ്ച പകല്‍ 10 മുതല്‍ 12 വരെയാണ് കടകളടച്ച് പ്രതിഷേധിച്ചത്.