കോഴിക്കോട്: ജ്യേഷ്ഠന് നീതി ലഭിക്കണമെന്നും തന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നിരാഹാരം പ്രഖ്യാപിച്ചിട്ട് മൂന്ന് ദിവസമായെങ്കിലും അമ്മയെ തിരുവനന്തപുരത്ത് പൊലീസുകാര്‍ കൈയ്യേറ്റം ചെയ്ത അന്നു മുതല്‍ അവിഷ്ണ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും നിരാഹാര സമരം തുടരുകയാണ്.

അതീവ ഗുരുതരമായ സ്ഥിതിയിലേക്കാണ് അവിഷ്ണയുടെ ആരോഗ്യസ്ഥിതി നീങ്ങുന്നത്. വെള്ളം കുടിക്കാന്‍ പോലും കുട്ടി തയ്യാറാകുന്നില്ല. ഇതിന് നിര്‍ബന്ധിച്ചപ്പോള്‍, വെള്ളം കുടിക്കാതിരുന്നാല്‍ താന്‍ മരിക്കുമെങ്കില്‍ മരിക്കട്ടെയെന്നും ജ്യേഷ്ഠന് നീതി കിട്ടാനായി മരിക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അവിഷ്ണ പറഞ്ഞത്. ട്രിപ്പ് നല്‍കിയാണ് കുട്ടിയുടെ ആരോഗ്യനില നിലനിര്‍ത്തുന്നത്. ഇനിയും സമരം തുടര്‍ന്നാണ് ഇത് വഷളാവും. അല്‍പം മുമ്പ് കോഴിക്കോട് വളയത്തുള്ള വീട്ടിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവിഷ്ണയെ സന്ദര്‍ശിച്ചിരുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയ കാര്യം സര്‍ക്കാറിന് ഉത്തമ ബോധ്യമുള്ളതാണെങ്കില്‍ പിന്നെ എന്തുകൊണ്ട് ജിഷ്ണുവിന്റെ കുടുബത്തെ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിഷ്ണുടെ വീടിന് മുന്നില്‍ ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാറും ഇവിടെ എത്തിയിട്ടുണ്ട്.