പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 ഓളം എംപിമാർ ബിജെപിയിലേക്ക് മാറാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. ഇത് പാർലമെന്റിൽ പാർട്ടിയുടെ ശക്തി പകുതിയായി കുറയ്ക്കുകയും മമത ബാനർജിയുടെ നേതൃത്വത്തിന് കനത്ത തിരിച്ചടിയാവുകയും ചെയ്യും.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പ്രതിസന്ധിയിലാക്കി പാർലമെന്റ് അംഗങ്ങളും കൂറുമാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃണമൂലിന്റെ പകുതിയോളം എംപിമാർ ബിജെപിയിലേക്ക് മാറാൻ ഉന്നതതല ചർച്ചകൾ നടത്തുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 തൃണമൂൽ എംപിമാരാണ് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നത്. നിലവിൽ ടിഎംസിക്ക് ലോക്‌സഭയിൽ 28 എംപിമാരും രാജ്യസഭയിൽ 13 എംപിമാരുമാണുള്ളത് (ആകെ 41 പേർ). ഇതിൽ 20 പേർ പാർട്ടി വിട്ടാൽ പാർലമെന്റിൽ തൃണമൂലിന്റെ ശക്തി പകുതിയായി കുറയും. കോൺഗ്രസ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിൽ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ കക്ഷിയാണ് ടിഎംസി.
പശ്ചിമ ബംഗാൾ നിയമസഭയിലെ 80 ടിഎംസി എംഎൽഎമാരിൽ 58 പേരുടെ പിന്തുണയോടെ ഋതബ്രത ബാനർജിയെ സ്പീക്കർ രതീന്ദ്ര ബോസ് തൃണമൂൽ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കുകയും പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെൻ്റിലും വൻ തിരിച്ചടി പാർട്ടി അഭിമുഖീകരിക്കാൻ പോകുന്നത്. നിയമസഭയിലെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും മമത ബാനർജി പിരിച്ചുവിട്ടിരുന്നു.
ലോക്‌സഭയിലെ തൃണമൂലിന്റെ പാർലമെന്ററി പാർട്ടി നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തൃണമൂൽ എംപിമാർ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. മമതയെ അനുകൂലിക്കുന്നവർ പാർട്ടിയുടെ ചിഹ്നത്തിലും ഫണ്ടിലും നിയന്ത്രണം നിലനിർത്തുമ്പോൾ, ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്നവർ നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഔദ്യോഗിക പദവി അവകാശപ്പെടുന്നത്.


