ആരോഗ്യസര്‍വ്വകലാശാലയില്‍ സ്വാശ്രയലോബി

ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം മുഖ്യ ഡീന്‍ മൂവാറ്റുപുഴയിലെ സ്വാശ്രയകോളേജില്‍നിന്നുള്ള പ്രതിനിധിയാണ്. കൂട്ടത്തോല്‍വിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇദ്ദേഹമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. കൂടാതെ ഫാര്‍മസിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും സ്വാശ്രയകോളേജ് പ്രതിനിധികളാണ് കൂടുതലായുള്ളത്. ഇതുകാരണം, ഫാര്‍മസിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വാശ്രയകോളേജുകള്‍ വിചാരിക്കുന്നതുപോലെയാണ് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഓരോ സീറ്റിലും ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങുന്ന കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വലിയ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ആരോപണമുണ്ട്.

കോളേജുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചാല്‍, ഇന്റേണലും അറ്റന്‍ഡന്‍സും കുറച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതേക്കുറിച്ച് സര്‍വ്വകലാശാലയില്‍ പരാതി നല്‍കിയാല്‍, മാനേജ്‌മെന്റുകളുടെ ഭീഷണിയും സസ്‌പെന്‍ഷനും പരീക്ഷ എഴുതാക്കിതിരിക്കലും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സസ്‌പെന്‍ഷനും മറ്റു ശിക്ഷാ നടപടികളും ഭയന്ന് മാനേജ്‌മെന്റുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാറില്ല. 

സര്‍വ്വകലാശാലയില്‍ എല്ലാം തോന്നുംപടി

ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗത്തില്‍ എല്ലാം തോന്നുപടിയാണ് നടക്കുന്നത്. പരീക്ഷകളുടെ നടത്തിപ്പും മൂല്യനിര്‍ണയവുമെല്ലാം ഒരു കാട്ടിക്കൂട്ടല്‍ പോലെയാണ്. നാലു സപ്ലിമെന്ററി പരീക്ഷകള്‍ അടുത്തടുത്ത് നടത്തിയത് വിദ്യാര്‍ത്ഥികളെ ഏറെ വലച്ചു. ഒരു കടമ പോലെയാണ് പരീക്ഷകള്‍ തീര്‍ക്കുന്നത്. മൂല്യ നിര്‍ണയത്തിന് കുറേക്കാലമായി ഉത്തര സൂചികകള്‍ ഉപയോഗിക്കുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കൂട്ടത്തോല്‍വികള്‍ ആവര്‍ത്തിക്കുന്നത് ഇതുകാരണമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തവണ ഉത്തര സൂചിക ഉപയോഗിച്ചിട്ടുണ്ടെന്നാണ് സര്‍വ്വകലാശാലയുടെ വാദം. ഉത്തരസൂചിക ഉപയോഗിച്ചിട്ടും ഇത്തവണയും കൂട്ടത്തോല്‍വി ഉണ്ടായത് എന്തുകൊണ്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. റീവാല്യൂവേഷന്‍ നടപടികള്‍ കൃത്യമായി നടക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ഡീനിന്റെ നിയമനം നിയമവിരുദ്ധം?

ആരോഗ്യ സര്‍വ്വകലാശാലയിലെ ഏഴു ഡീനുകളില്‍, ഫാര്‍മസി വിഭാഗത്തിന് മാത്രമാണ് സ്വാശ്രയകോളേജ് പ്രതിനിധിയുള്ളത്. ഇത്തരത്തില്‍ സ്വാശ്രയകോളേജ് പ്രതിനിധികളെ ഡീന്‍ ആക്കുന്നത് നിയമവിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.മൂവാറ്റുപുഴയിലെ ഒരു പ്രമുഖ കോളേജിലെ പ്രൊഫസറാണ് നിലവില്‍ ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം ഡീന്‍. സ്വാശ്രയ കോളേജുകള്‍ക്കു ഗുണകരമായ നിലയിലാണ് ഡീനിന്റെ ഇടപെടലെന്ന് സര്‍ക്കാര്‍ കോളേജുകളിലെ അദ്ധ്യാപകരും ആരോപിക്കുന്നുണ്ട്. 

തലതിരിഞ്ഞ നിയമങ്ങള്‍...

ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും മുഴുവന്‍ വിഷയങ്ങളും ജയിക്കാതെ നാലാം വര്‍ഷ പരീക്ഷ എഴുതിക്കില്ല എന്നൊരു റൂള്‍ സര്‍വ്വകലാശാല നടപ്പാക്കുന്നുണ്ട്. സ്വാശ്രയകോളേജുകളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള തന്ത്രമാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഒന്നാം വര്‍ഷത്തെയോ രണ്ടാം വര്‍ഷത്തെയോ പരീക്ഷകളില്‍ ഒരു വിഷയം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കുപോലും നാലാം വര്‍ഷ പരീക്ഷ എഴുതാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്.

സര്‍വ്വകലാശാലയ്ക്ക് പറയാനുള്ളത്...

അതേസമയം ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം വിദ്യാര്‍ത്ഥികളെ കരുതിക്കൂട്ടി തോല്‍പ്പിക്കുന്നുവെന്ന വാദം തെറ്റാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിലോ, മൂല്യ നിര്‍ണയത്തിലോ വീഴ്ച ഉണ്ടായിട്ടില്ല. ഫാര്‍മസി കോളേജുകളില്‍ ഭൂരിഭാഗവും സ്വാശ്രയ മേഖലയില്‍ നിന്ന് ഉള്ളവയാണ്. 42 കോളേജുകളില്‍ 37 എണ്ണവും സ്വാശ്രയ മേഖലയില്‍ ഉള്ളവയാണ്. അതുകൊണ്ടാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലും മറ്റും, കൂടുതല്‍ സ്വാശ്രയ കോളേജ് പ്രതിനിധികളെ ഉള്‍പ്പെടുത്തേണ്ടി വരുന്നത്. സര്‍വ്വകലാശാലയിലെ ഏഴു ഡീനുകളില്‍ ഒരെണ്ണം മാത്രമാണ് സ്വാശ്രയമേഖലയില്‍നിന്നുള്ള പ്രതിനിധിയുള്ളത്. അതില്‍ അപാകതയില്ലെന്നും എക്‌സാം കണ്‍ട്രോളര്‍ പ്രതികരിച്ചു.