ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തമിഴ് നാട്ടിലെ പുരാവസ്തു കടത്തുകാരൻ ഡി മണിയുമായി അടുത്തബന്ധമെന്ന് മൊഴി. ഡി മണിയും സംഘവും കേരളത്തിൽ നിന്ന് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും രമേശ് ചെന്നിത്തല പരാമർശിച്ച പ്രവാസി വ്യവസായി എസ്ഐടിക്ക് മൊഴി നൽകി. ശബരിമലയിലേക്കുള്ള പൂജയ്ക്കും നേർച്ചക്കുമായി ഇതര സംസ്ഥാനത്തെ വ്യവസായികളിൽ നിന്നും പോറ്റി കോടികള്‍ വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി.
ശബരിമല സ്വർണ്ണക്കടത്തിൽ അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി തന്നോട് പറഞ്ഞെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. ഈ വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് ഡി മണി ബന്ധം പറയുന്നത്. തമിഴ്നാട്ടിലെ ഗുണ്ടാസംഘത്തെ നയിക്കുന്ന ഡി മണി കേരളത്തിൽ നിന്നും മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയുടെ മൊഴി. പുരാവസ്തുക്കള്‍ വാങ്ങുന്നതിൽ താൽപര്യമുള്ളതുകൊണ്ടാണ് ഡി മണിയുമായി പരിചയപ്പെട്ടതെന്നാണ് പ്രവാസിയുടെ മൊഴി.
പോറ്റിക്കും ഈ സംഘവുമായി പരിചയമുണ്ട്. ഒരു വാഹനം നിറയെ പണവുമായി 2020ൽ ഇവർ തലസഥാനത്തുവന്നിട്ടുണ്ട്. മണിയുടെ വീട്ടിൽ പൊതിഞ്ഞ നിലയിൽ വിഗ്രഹങ്ങള്‍ കണ്ടിട്ടുണ്ടെന്നാണ് പ്രവാസിയുടെ മൊഴി. ഡി മണിയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും പ്രവാസി പൊലീസിന് കൈമാറി. ഇതിൻെറ അടിസ്ഥാനത്തിൽ എസ്ഐടി അന്വേഷണം തുടങ്ങി. പോറ്റിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഡി മണിയെ അറിയില്ലെന്നാണ് പോറ്റിയുടെ മൊഴി. ഡി മണിയെ എസ്ഐടി ചോദ്യം ചെയ്യും. മനുഷ്യ കടത്തിനടക്കം തമിഴ്നാട്ടിൽ കേസുള്ളയാളാണ് ഡി മണിയെന്ന പേരിലറിയപ്പെടുന്ന വ്യക്തിയെന്ന് എസ്ഐടി കണ്ടെത്തി.
അതേ സമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണ സമ്പാദനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ എസ്ഐടിക്ക് ലഭിച്ചു. സ്വർണവ്യാപാരിയും കേസിലെ പ്രതിയുമായി ഗോവർദ്ധന് മാത്രം ശബരിമലയിലേക്ക് സംഭാവന നൽകിയ ഒന്നരകോടി രൂപയാണ്. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റി വഴി. വിവിധ ഭാഷകള്‍ അറിയാമായിരുന്ന പോറ്റി ചെന്നൈ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ വ്യവസായികളിൽ നിന്നും പൂജകള്‍ക്കായി പണം വാങ്ങുകയും ഇതിൽ നിന്നും കമ്മീഷൻ തട്ടുകയും ചെയ്തു. ഇങ്ങനെ ഭക്തിയുടെ മറവിൽ തട്ടിയെടുത്ത പണം പലിശക്കും റിയൽ എസ്റ്റേറ്റിലും ഇറക്കിയാണ് 2019ന് ശേഷം വിലയ സമ്പാദ്യം നടത്തിയിരിക്കുന്നതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിയുടെ അന്വേഷണത്തിൽ ഈ പണ സമ്പാദനം അടക്കം പരിശോധിക്കും.

