അതേസമയം ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിയ്ക്ക് ഭാരത രത്‌ന നല്‍കാത്തതില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഹരിദ്വാർ: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‍ന അടുത്ത വർഷം മുതൽ സന്ന്യാസികൾക്കും നൽകണമെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും രാംദേവ് പറഞ്ഞു. കഴിഞ്ഞ എഴുപത് വർഷമായി ഒരു സന്ന്യാസിക്ക് പോലും ഭാരത രത്‍ന നൽകാത്തത് വേദനാജനകമാണെന്നും രാംദേവ് അറിയിച്ചു. റിപബ്ലിക്ക് ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കഴിഞ്ഞ 70 വർഷമായി ഒരു സന്യാസിയെയും ഭാരത രത്‍നക്കായി തെരഞ്ഞെടുക്കപ്പെടാത്തതിൽ ഖേദകരമുണ്ട്. മഹർഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദജി, ശിവഗാമര സ്വാമിജി തുടങ്ങിയവർ അതിന് അർഹരാണ്. അടുത്ത വർഷം മുതൽ സന്ന്യാസി സമുദായത്തിൽ നിന്ന് ഒരാളെ ഭാരത രത്‍നക്കായി പരിഗണിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും ''-രാംദേവ് പറഞ്ഞു.

ഈ വര്‍ഷം പ്രണബ് മുഖര്‍ജി, ഭൂപേന്‍ ഹസാരിക, നാനാജി ദേശ്മുഖ് തുടങ്ങിയവരെയാണ് രാജ്യം ഭാരത രത്‌നം നല്‍കി ആദരിച്ചത്. അതേസമയം ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിയ്ക്ക് ഭാരത രത്‌ന നല്‍കാത്തതില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.