നിയമസഭ തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് 'രാമക്ഷേത്ര നിര്‍മ്മാണം' പ്രധാന പ്രചാരണവിഷയമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും, ഓര്‍ഡിനന്‍സ് എന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഇതോടെ വിഎച്ച്പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ബിജെപിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു 

അഹമ്മദാബാദ്: അയോധ്യയില്‍ ഇനി രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് യോഗഗുരു ബാബ രാംദേവ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യവും ബാബ രാംദേവ് ആവര്‍ത്തിച്ചു. 

'ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ലമെന്റാണ് ഏറ്റവും ഉന്നതിയിലുള്ള നീതിമന്ദിരം. അതിനാല്‍ തന്നെ സര്‍ക്കാരിന് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാവുന്നതാണ്. കോടിക്കണക്കിന് ആളുകള്‍ ഇതിനായി ആഗ്രഹിക്കുന്നുണ്ട്. ഇനി അത് നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടപ്പെടും. അത് പാര്‍ട്ടിക്ക് ഒട്ടും ഗുണകരമാകില്ല, മാത്രമല്ല നീതിവ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള ജനങ്ങളുടെ ബഹുമാനവും ഇത് നഷ്ടപ്പെടുത്തും'- ബാബ രാംദേവ് പറഞ്ഞു. 

ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്നും ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് 'രാമക്ഷേത്ര നിര്‍മ്മാണം' പ്രധാന പ്രചാരണവിഷയമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും, ഓര്‍ഡിനന്‍സ് എന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. 

ഇതോടെ വിഎച്ച്പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ബിജെപിക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇതിനിടയിലാണ് വിഷയത്തില്‍ ബിജെപിയെ വെട്ടിലാക്കുന്ന തരത്തില്‍ പരസ്യമായ പ്രതികരണങ്ങള്‍ ബിജെപി- ആര്‍എസ്എസ് പാളയങ്ങളില്‍ നിന്ന് തന്നെ വരുന്നത്.