ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയില്‍ കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്. വിശദമായ സൂക്ഷ്മപരിശോധനക്ക് ശേഷം മാത്രമെ ഭക്തൻമാരെ സന്നിധാനത്ത് പ്രവേശിപ്പിക്കൂ എന്നും സോപാനത്തിന് സമീപം നെയ്തേങ്ങ ഉടക്കാൻ അനുവദിക്കില്ലെന്നും പൊലീസും ദേവസ്വംബോര്‍ഡും അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കും നിയന്ത്രണമുണ്ട്

പമ്പ മുതല്‍ സന്നിധാനം വരെ 2000ത്തോളം പൊലീസുകാരെയാണ് സുരക്ഷചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്...പൊലീസിന് പുറമെ റാപിഡ് ആക്ഷൻ ഫോഴ്സും, കമാൻറോസും, വനംവകുപ്പുദ്യോഗസ്ഥരും തുടങ്ങി വിവിധ വകുപ്പുകളിലെ സുരക്ഷാഉദ്യോഗസ്ഥര്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നിതാന്തജാഗ്രതയോടെയുണ്ടാകും. മൊബൈല്‍ ഫോണടക്കമുള്ള ഇലക്ട്രോണിക്സ് സാമഗ്രികള്‍ സന്നിധാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ലെന്നും പൊലീസ് അറിയിക്കുന്നുണ്ട്

സന്നിധാനത്ത് സോപാനത്തിന് സമീപമുള്ള നെയ്ത്തോണിയില്‍ നെയ് നിക്ഷേപിക്കാൻ സാധിക്കില്ല. പകരം മാളികപ്പുറത്തേക്ക് പോകുന്ന വഴിയിലാകും നെയ് നിക്ഷേപിക്കാൻ സൗകര്യമുണ്ടാവുക.. നടപ്പന്തലിലും മറ്റ് പ്രധാനസ്ഥലങ്ങളിലും കൂടുതല്‍ നിരീക്ഷണക്യാമറകളും ഇതിനോടകം സ്ഥാപിച്ചിരിക്കുന്നു. വിശദമായ പരിശോധനകള്‍ കൂടാതെ ആരേയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. സന്നിധാനത്തിൻറെ പരിസരത്തുള്ള വനമേഖലയില്‍ കമാൻറോസിൻറേയും വനംവകുപ്പുദ്യോഗസ്ഥരുടേയും പരിശോധനകളും തുടരുകയാണ്.