പൂനെ: മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിന് കുഞ്ഞുങ്ങള്‍ പിറന്നു. ഒരു അമ്മയുടെ നിശ്ചയദാര്‍ഡ്യമാണ് ഈ അത്ഭുത പിറവിക്ക് പിന്നില്‍.രോഗബാധിതനായ യുവാവിന്‍റെ സൂക്ഷിച്ചുവെച്ച ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അങ്ങനെ 48കാരിയായ രാജശ്രീ അമ്മൂമ്മയായി. ഒന്നല്ല, രണ്ട് കുഞ്ഞുങ്ങളെയാണ് എന്നന്നേക്കുമായി തന്നെ വിട്ട് പോയ മകന് പകരമായി ആ അമ്മയ്ക്ക് ലഭിച്ചത്.

ഇരുപത്തേഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ വന്നാണ് പുണെ സ്വദേശി പ്രതമേഷ് മരിക്കുന്നത്. രോഗം അവസാനഘട്ടത്തിലാണ് തിരിച്ചറിഞ്ഞത് . അപ്പോഴേക്കും ഒരു ചികിത്സയ്ക്കും അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാവാത്ത വിധം രോഗം മൂര്‍ഛിച്ചിരുന്നു. 

മകനെ വിട്ടുപിരിയുന്നതിലുള്ള അമ്മയുടെ ദുഃഖം കണ്ടാണ് ആശുപത്രി അധികൃതര്‍ പ്രതമേഷിന്റെ ബീജം സൂക്ഷിച്ചുവെക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. അങ്ങനെയാണ് സൂക്ഷിച്ചുവെച്ച ബീജങ്ങള്‍ക്ക് ഐവിഎഫിലൂടെ പുതുജീവന്‍ നല്‍കാമെന്ന തീരുമാനത്തില്‍ രാജശ്രീ എത്തുന്നത്.

താന്‍ തന്നെ ആ ഭ്രൂണത്തെ ഗര്‍ഭത്തില്‍ പേറാമെന്ന് രാജശ്രീ കരുതിയിരുന്നെങ്കിലും പ്രായം തടസ്സമായി. തുടര്‍ന്നാണ് അകന്ന ബന്ധു ഗര്‍ഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിക്കുന്നത്. ആണ്‍കുട്ടിക്ക് രാജശ്രീ മകന്റെ പേരിട്ടു. പ്രതമേഷ്. പെണ്‍കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അര്‍ഥം.കുട്ടികളുടെ പിറവിയോടെ തന്റെ മകനെ തിരികെ ലഭിച്ചെന്ന് ജയശ്രീ പറയുന്നു.