പൂനെ: ആശുപത്രിയില്‍ ചൂടുപകരുന്ന ഉപകരണം കേടായതിനെ തുടര്‍ന്ന് നവജാതശിശു വെന്തുമരിച്ചു. പൂനെയിലെ വാത്സല്യം ആശുപത്രിയിലാണ് മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്ത് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കുന്നതിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ചൂടുപകരുന്ന ഉപകരണം കേടായതിനെ തുടര്‍ന്ന് താപനില അമിതമായി ഉയര്‍ന്നു. വിജേന്ദ്ര കദം എന്നയാളുടെ മകളാണ് വെന്തുമരിച്ചത്. 

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിനെ കിടത്തിയ ഉപകരണത്തില്‍ നിന്നും പുകയുരുന്നത് ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും കുഞ്ഞിന് 80ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ കുഞ്ഞ് മരിച്ചു.

സംഭവത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഗൗരവ് ചോപാഡെ അടക്കം ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അപ്പാസാഹേബ് ഷേവാലെ പറഞ്ഞു. ഉപകരണം ഫോറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.