കണ്ണൂർ വനാതിർത്തിയിൽ ആനക്കുട്ടി ചെരിഞ്ഞു കാട്ടാനക്കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു 3 മണിക്കൂറോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കർണ്ണാടക വനാതിർത്തിയായ ആടാംപാറയിൽ കൂട്ടംതെറ്റിയ നിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചെരിഞ്ഞു. ദിവസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടിയെ വനത്തിനുള്ളിൽ വീണുകിടക്കുന്ന നിലയിൽ ഇന്ന് പുലർച്ചെയാണ് കിട്ടിയത്.

രാവിലെ 9 മണിയോടെ പൈസക്കരിയിലെ വെറ്റിനറി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറെത്താൻ വൈകി. പിന്നീട് വനംവകുപ്പ് ഓഫീസിലെത്തിച്ച ആനക്കുട്ടിയ്ക്ക് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. അതിർത്തി ഗ്രാമങ്ങളിൽ കഴിഞ്ഞദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു പോയതാണ് കുട്ടിയാനയെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനക്കുട്ടിയുടെ ജഡം മറവു ചെയ്തു.