ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നവജാത ശുശുവിന്റെ കണ്ടെത്തി. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് സംഭവം. കഴിഞ്ഞ ചന്ദ്രഗ്രഹണ ദിവസം ശുശുബലി നടത്തിയതാണോയെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ മുകളില്‍ എത്തിയ യുവതിയാണ് ടെറസിന് മുകളില്‍ കുഞ്ഞിന്റെ തല കണ്ടെത്തിയത്. തുടര്‍ന്ന് യുവതി അലറിവിളിച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ മാസം മാത്രം പ്രായമായ കുഞ്ഞിന്റെ തലയാണ് കണ്ടെത്തിയത്. ആണ്‍ കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്നും തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ്, കുഞ്ഞിന്റെ തല പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഉടല്‍ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ഉമാമഹേശ്വര ശര്‍മ്മ പറഞ്ഞു.
പൊലീസ് നായ അയല്‍പക്കത്തുള്ള ഒരു വീടിന്റെ ചവറ്റുകുട്ടയ്‌ക്ക് സമീപം വരെ എത്തി. ഇതേ തുടര്‍ന്ന് ഇവിടെ നിന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചന്ദ്രഗ്രഹണ ദിവസം കുഞ്ഞിനെ ബലി നല്‍കിയതാണോ എന്ന സംശയമുണ്ട്. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ പരിസരങ്ങളിലുണ്ടെന്നും പൊലീസ് പറയുന്നു. ആരുടെ കുഞ്ഞാണെന്നത് സംബന്ധിച്ചും വിവരമൊന്നും കിട്ടിയിട്ടില്ല.
ടെറസില്‍ ചോരപ്പാടുകള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ അതിനാല്‍ കുട്ടിയുടെ തല മറ്റെവിടെ നിന്നോ ടെറസില്‍ കൊണ്ട് വച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
