പട്ടികവിഭാഗ സംരക്ഷണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടും.  ബില്ല് നാളെ ലോക്സഭ പരിഗണിക്കും. കോടതി ഇടപെടൽ തടയാൻ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നാളത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.  

ദില്ലി: പട്ടികവിഭാഗ സംരക്ഷണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടും. ബില്ല് നാളെ ലോക്സഭ പരിഗണിക്കും. കോടതി ഇടപെടൽ തടയാൻ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നാളത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.

പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം അതേപടി നിലനിറുത്താനുള്ള ബില്ലിനെ പിന്തുണയ്ക്കാം എന്ന് ആദ്യം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ബിൽ കണ്ട ശേഷം നിലപാടെന്നായിരുന്നു പിന്നീട് അറിയിച്ചത്. മൂന്ന് പേജിൽ ഒതുങ്ങുന്ന ബില്ലിൽ സുപ്രീംകോടതി എടുത്തുകളഞ്ഞ വ്യവസ്ഥകൾ പുനസ്ഥാപിക്കാനുള്ള നിർദ്ദേശമാണുള്ളത്. ബില്ലിന് അനുകൂലമായി നാളെ വോട്ട് ചെയ്യാനാണ് കോൺഗ്രസ് തീരുമാനം. സിപിഎമ്മും ബില്ലിനെ പിന്തുണയ്ക്കും. സർക്കാരിന്‍റെ ദളിത് വിരുദ്ധ മനോഭാവം ചർച്ചയിൽ തുറന്നു കാട്ടും. ഒപ്പം ബില്ല് ഇനി കോടതി ഇടപെടൽ തടയാനായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടും.

നാളത്തെ അജണ്ടയിൽ പരിഗണിക്കുന്ന ബില്ലുകളിൽ ആദ്യത്തേതായാണ് പട്ടികവിഭാഗ ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒമ്പതാം പട്ടികയിൽ പെടുത്തുന്ന കാര്യത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കിയിട്ടില്ല. ബില്ല് പാസാക്കി ദളിത് രോഷം തണുപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോഴാണ് പ്രതിപത്തിൻറെ പുതിയ നീക്കം.