Asianet News MalayalamAsianet News Malayalam

നാല് മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടി; 550 സീറ്റുകളിലെ പ്രവേശനം റദ്ദാക്കി

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കൽ മാനേജ്മെന്‍റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് വിധി. 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെ ഈ സീറ്റുകളിലെ വിദ്യാർഥികളുടെ ഭാവിയും തുലാസിലായി.

baclslash for medical managements
Author
Delhi, First Published Oct 29, 2018, 10:43 AM IST

 

ദില്ലി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കൽ മാനേജ്മെന്‍റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് വിധി. 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. പാലക്കാട് പി.കെ.ദാസ് (150), വയനാട് ഡിഎം(150), തൊടുപുഴ അൽ-അസർ(150), വർക്കല എസ്ആർ(100) എന്നീ കോളേജുകളിലെ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവർ അംഗങ്ങളായ ബഞ്ചിന്‍റേതാണ് വിധി.

ഈ നാല് മെഡിക്കൽ കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തിയിരുന്നു. നാല് കോളേജുകളിലെയും ഈ വർഷത്തെ പ്രവേശനം മെഡിക്കൽ കൗൺസിൽ റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ മാനേജ്മെന്‍റുകൾ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അനുവദിയ്ക്കുന്നതായി ഹൈക്കോടതി ഉത്തരവിട്ടു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. 

നേരത്തേ ഈ കോളേജുകളിലെ ഈ വർഷത്തെ പ്രവേശനം സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. പ്രവേശനനടപടികൾ ഏതാണ്ട് പൂർത്തിയായെന്ന് കോളേജ് മാനേജ്മെന്‍റുകളും സംസ്ഥാനസർക്കാരും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സ്പോട്ട് അഡ്‍മിഷനിലൂടെ വിദ്യാർഥികൾ പ്രവേശനം നേടിയെന്ന് മാനേജ്മെന്‍റുകൾ അറിയിച്ചപ്പോൾ, അർഹരല്ലാത്ത എല്ലാവരും പുറത്തുപോകേണ്ടി വരുമെന്ന് കോടതി അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ പ്രവർത്തിയ്ക്കുന്ന മെഡിക്കൽ കോളേജുകളിൽ പ്രവേശനമേൽനോട്ടസമിതിയുടെ അനുമതിയില്ലാതെയാണ് പല പ്രവേശനങ്ങളും നടന്നതെന്നും, തലവരിപ്പണം ഉൾപ്പടെയുള്ള വിവാദങ്ങളും ഉയർന്നിട്ടുണ്ടെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വാദിച്ചു. ഈ വാദങ്ങളൊക്കെ മുഖവിലയ്ക്കെടുത്താണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഇതോടെ സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയ കുട്ടികളുടെ ഭാവി തുലാസ്സിലായി. പ്രവേശനനടപടികൾ സുപ്രീംകോടതി വിധിയോടെ റദ്ദായപ്പോൾ, ഈ സീറ്റുകളിലേയ്ക്ക് പ്രവേശനം നേടിയ കുട്ടികളുടെ ഒരു വർഷം നഷ്ടമാകുമെന്നും ഉറപ്പായി. വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാമെങ്കിലും, ഇതേ ബഞ്ച് ചേംബറിലാകും പുനഃപരിശോധനാഹർജി പരിഗണിക്കുക. അനർഹർക്ക് പ്രവേശനം നൽകേണ്ടെന്ന ഉറച്ച നിലപാടെടുത്ത ജസ്റ്റിസ് അരുൺ മിശ്ര, ഈ കേസിൽ ഇനി ഒരു പുനഃപരിശോധന നടത്താനുള്ള സാധ്യതയും കുറവാണ്.

Follow Us:
Download App:
  • android
  • ios