ജയ്പ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്നു വഴിതിരിച്ചുവിട്ട വിമാനം റാഞ്ചിയെന്നു പറഞ്ഞു യാത്രക്കാരന്റെ ട്വീറ്റ്. മുംബൈയില്‍നിന്നു ദില്ലിയിലേക്കുപോയ ജെറ്റ് എയര്‍വെയ്‌സ് വിമാനം റാഞ്ചിയെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് യാത്രക്കാരന്‍ ട്വീറ്റ് ചെയ്തത്. 'ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മൂന്നുമണിക്കൂറുകളായി കുടുങ്ങിയിരിക്കുകയാണ്. വിമാനം റാഞ്ചിയെന്നാണു തോന്നുന്നത്. ദയവായി സഹായമെത്തിക്കൂ' എന്ന് യാത്രക്കാരന്‍ മോദിക്കു ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി ജെറ്റ് എയര്‍വെയ്‌സ് മറുപടി നല്‍കി. 'ഞങ്ങളുടെ 9W355 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുകയാണെ'ന്നായിരുന്നു അവരുടെ സന്ദേശം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ജയ്പൂരിലേക്കു വഴിതിരിച്ചുവിട്ടത്. മൂന്നുമണിക്കൂറോളം നിലത്തിറങ്ങാതിരുന്നതോടെ പരിഭ്രാന്തിയിലായ യാത്രക്കാരന്‍ വിമാനം റാഞ്ചിയെന്നു പറഞ്ഞു ട്വീറ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ 176 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഡല്‍ഹിയിലിറങ്ങിയതിനു ശേഷവും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. സുരക്ഷാ ഭീഷണി ഉന്നയിച്ചു യാത്രക്കാരന്‍ ട്വീറ്റ് ചെയ്തിരുന്നുവെന്നും നടപടികളെടുത്തുവെന്നും ജെറ്റ് എയര്‍വെയ്‌സ് വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
