മനാമ: ബഹ്‌റെനില്‍ പോലീസ് ഉദ്യോഗസ്‌ഥനെ കൊലപ്പെടുത്തി തടവുപുള്ളികൾ ജയിൽ ചാടിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിലും പരിസരത്തും സുരക്ഷ ശക്തമാക്കി. കൂടാതെ തടവ് പുള്ളികൾക്ക് വേണ്ടി രാജ്യത്തെമ്പാടും പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ബഹറൈന്‍ ജാവുവിലുള്ള ജയിലില്‍ കഴിയുകയായിരുന്ന 10 തടവുപുള്ളികളാണ് ഇന്നലെ രാവിലെ ജില്‍ ചാടിയത്. ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വൈദ്യുതാഘാതമേല്പിച്ചു കൊന്നതിനു ശേഷം അയാളുടെ ആയുധം ഉപയോഗിച്ച് ജയിലിൽ ആക്രമം നടത്തിയാണ് രക്ഷപ്പെട്ടത്. 

തീവ്രവാദകുറ്റം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട തടവുകാരാണ് കടന്നുകളഞ്ഞതെന്ന് ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ പിടികൂടാന്‍ പോലീസ് രാജ്യവ്യാപകമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കൂടാതെ രാജ്യത്താകെ 12 സുരക്ഷാപരിശോധന കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സംശയം തോന്നു സാഹചര്യത്തിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ വിവരം ഉടൻ തന്നെ പൊലീസിന് കൈമാറണമെന്നും, രക്ഷപ്പെട്ട തടവുപുള്ളികളെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ എല്ലാ വിധ സഹകരണവും ഉണ്ടാകണമെന്നും ജയിൽ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. 

ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ 80008008,999 എന്നീ നമ്പറുകളിൽ വിളിച്ച അറിയിക്കണമെന്നും, വിളിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതേ ജയിലില്‍ കലാപമുണ്ടാക്കിയെന്ന കേസില്‍ 57 തടവുകാരെ 15 വര്‍ഷം ബഹറൈന്‍ കോതി ശിക്ഷിച്ചിരുന്നു.