ഫ്രാന്‍സ് യുവതാരങ്ങളാല്‍ സമ്പന്നമായ ടീമാണ് മഷറാനോയും ഏയ്ഞ്ചൽ ഡി മരിയയും പ്രായത്തിന്‍റെ അവശതകള്‍ പേറുകയാണ്

കൊല്‍ക്കത്ത: റഷ്യന്‍ ലോകകപ്പില്‍ ലോകം കാത്തിരിക്കുന്ന അര്‍ജന്‍റീന ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശനിയാഴ്ച കളമുണരുകയാണ്. അതിനിടിയിലാണ് അർജന്റീനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയ രംഗത്തെത്തിയത്. ഇതുവരെയുള്ള അര്‍ജന്‍റീനയുടെ കളി വച്ച് ഫ്രാന്‍സിനെ പരാജയപ്പെടുത്താനാകില്ലെന്ന് ബൂട്ടിയ അഭിപ്രായപ്പെട്ടു.

ഗ്രൂപ്പ് റൗണ്ടില്‍ നിലവാരമില്ലാത്ത കളിയായിരുന്നു മെസിപ്പടയുടേതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മികച്ച പ്രകടനം നടത്താന്‍ ശേഷിയില്ലാത്ത കളിക്കാരുടെ ഒരു സംഘം മാത്രമായി അര്‍ജന്‍റീന മാറിയിരിക്കുന്നുവെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു. അവസാന മത്സരത്തില്‍ മെസി പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നെങ്കിലും ഫ്രാന്‍സിനെതിരെ ജയിക്കാന്‍ അതുമതിയാകില്ലെന്ന് അദ്ദേഹം വിവരിച്ചു.

അര്‍ജന്‍റീനയുടെ ഏറ്റവും പ്രധാനപ്രശ്നം താരങ്ങള്‍ക്ക് പ്രായക്കൂടുതലുള്ളതാണ്. ലോകകപ്പ് പോലുള്ള നിര്‍ണായക ടൂര്‍ണമെന്‍റുകളില്‍ വിജയിക്കാനുള്ള ഊര്‍ജം മെസിയുടെ സംഘത്തിനില്ല. മഷറാനോയും ഏയ്ഞ്ചൽ ഡി മരിയയും പ്രായത്തിന്‍റെ അവശതകള്‍ പേറുകയാണെന്നാണ് മനസ്സിലാകുന്നത്. മനസ്സെത്തുന്നിടത്ത് കാലുകൾ എത്താത്തിടത്തോളം ഇവര്‍ ടീമിന് ബാധ്യതയാകുമെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു.

മറുവശത്ത് ഫ്രാന്‍സ് യുവതാരങ്ങളാല്‍ സമ്പന്നമായ ടീമാണ്. കളത്തില്‍ ഇതിന്‍റെ ഗുണം അവര്‍ക്ക് കിട്ടും. എംബാപ്പയും ഡെംബലയും നിര്‍ണായക കളി പുറത്തെടുക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഹിഗ്വൈന് പ്രീ ക്വാര്‍ട്ടറില്‍ കളിപ്പിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പ്രത്യാശ പ്രകടിപ്പിച്ചു.