Asianet News MalayalamAsianet News Malayalam

പട്ടിക്കാട് ബൈജുവിന്‍റെ മരണം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

  • പട്ടിക്കാട് ബൈജുവിന്‍റെ മരണം
  • കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
  • പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി
  • വനംകൊള്ളയെക്കുറിച്ചും അന്വേഷണം
baiju death case hand over to crime branch

തൃശൂർ: പട്ടിക്കാട് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട  പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് അന്വേഷിച്ച പൊലീസ് സംഘം അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ജൂലൈ 23ന് വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കേയാണ് മരോട്ടിക്കല്‍ ഏഴോലിക്കൽ ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ വനംകൊള്ളയിലെ മുഖ്യകണ്ണിയായിരുന്ന ബൈജുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപണമുണ്ടായിരുന്നു. 

കേസ് ആദ്യം അന്വേഷിച്ച ഒല്ലൂർ പൊലീസ് മരണത്തെക്കുറിച്ചോ വനംകൊള്ളയെ കുറിച്ചോ കാര്യമായ അന്വേഷണം നടത്തിയില്ല. ബൈജു കസ്റ്റഡിയിലിരിക്കേ വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്തത് അന്വേഷണത്തിൽ വ്യക്തമായെങ്കിലും കൂടുതൽ നടപടിയുണ്ടായില്ല. ഇക്കാര്യം വ്യക്തമാക്കി സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ടും നൽകി. 

വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ നിന്ന് ബൈജു രക്ഷപ്പെട്ട സംഭവത്തിലും ദുരൂഹതയുണ്ട്. വനംകൊള്ള മറച്ചുവയ്ക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും ബൈജുവിനെ വകവരുത്തിയതാണെന്ന് കാണിച്ച് പൊതുപ്രവർത്തകൻ ജോയ് കൈതാരം നൽകിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന്‍റെ കയ്യിലെത്തുന്നത്. ബൈജു മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തിയെന്നും ഇത് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും പരാതിയിലുണ്ട്. എന്നാൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട  ബൈജു  ആത്മഹത്യ ചെയ്തെന്നാണ് വനംവകുപ്പിന്‍റെ  വാദം.

Follow Us:
Download App:
  • android
  • ios