Asianet News MalayalamAsianet News Malayalam

ശശികലയ്ക്ക് ജാമ്യം: വീണ്ടും ശബരിമലയ്ക്ക് പോകും, പൊലീസ് വാഹനത്തില്‍ പോവുന്നത് ആചാര ലംഘനമെന്ന് ശശികല

നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത  കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. ദർശനം കഴിഞ്ഞ് മടങ്ങാമെന്ന ശശികലയുടെ ഉറപ്പിലാണ് ജാമ്യം. തിരുവല്ല ആർഡിഒയാണ് ജാമ്യം അനുവദിച്ചത്.

bail granted for k p sasikala will go to pamba says sasikala
Author
Thiruvalla, First Published Nov 17, 2018, 4:25 PM IST

പത്തനംതിട്ട: നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത  കെ.പി.ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ആർഡിഒയുടേതാണ് തീരുമാനം. ഇനി സന്നിധാനത്തേയ്ക്ക് പോയാൽ ദർശനം നടത്തി മടങ്ങിക്കോളാമെന്ന ഉറപ്പിന്‍റെ പുറത്താണ് ജാമ്യം. 

പൊലീസ് നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. 5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. 

ഇതുവരെ ശശികലയ്ക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പൊലീസ് തിരുവല്ല മജിസ്ട്രേറ്റിന് സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസ് റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു. 

നിയന്ത്രണം ലംഘിക്കുമെന്ന് പ്രഖ്യാപനം: പിൻമാറാതെ കുത്തിയിരുന്ന് ശശികല

സന്നിധാനത്തേയ്ക്കുള്ള പാതി വഴി പിന്നിട്ട ശേഷമാണ് മടങ്ങണമെന്ന് കെ.പി.ശശികലയോട് പൊലീസ് ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് പി.കെ.ശശികല നിലപാട് വ്യക്തമാക്കിയതോടെ ആറ് മണിക്കൂറോളം തർക്കം തുടർന്നു. അവിടെത്തന്നെ കുത്തിയിരുന്ന് ശശികല പ്രതിഷേധം തുടങ്ങി. ഒടുവിൽ പുലർച്ചെ രണ്ട് മണിയോടെ അവരെ കരുതൽ തടങ്കലിലെടുത്ത് പമ്പയിലേക്ക് മാറ്റിയത്.

രണ്ടരയോടെ പൊലീസ് വാഹനത്തിൽ റാന്നി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആചാരസംരക്ഷണസമിതി നേതാവ് പൃത്ഥ്വിപാലിനെയും ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും ശശികലയെ കസ്റ്റഡിയിലെടുത്ത അതേസമയത്ത് കരുതൽ കസ്റ്റഡിയിലെടുത്ത് മാറ്റിയിരുന്നു. ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ, സന്നിധാനത്ത് പൊലീസ് വിലക്ക് ലംഘിക്കും എന്ന് പറഞ്ഞതിനാലാണ് പൃത്ഥ്വിപാലിനെ അറസ്റ്റ് ചെയ്തത്. 

സ്റ്റേഷൻ വള‌ഞ്ഞ് സംഘപരിവാർ

ശശികലയെ അറസ്റ്റ് ചെയ്തെന്ന വാർത്ത വന്നതോടെ അർധരാത്രി തന്നെ ഹിന്ദു ഐക്യവേദി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു. ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ സംഘപരിവാർ പ്രവർത്തകരും എത്തി. ശശികലയെ വീണ്ടും സന്നിധാനത്തേയ്ക്ക് എത്തിയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ട് രാവിലെ എട്ട് മണിയോടെ റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം തുടങ്ങി. രാവിലെ നാമജപ പ്രതിഷേധമാണെന്ന് പറ‌ഞ്ഞാണ് തുടങ്ങിയതെങ്കിലും പിന്നീട്, സ്റ്റേഷൻ സംഘപരിവാർ പ്രവർത്തകർ വളഞ്ഞ് പ്രതിഷേധം തുടർന്നു.

സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് പൊലീസ്; തിരികെ സന്നിധാനത്ത് വിടണമെന്ന് ശശികല

സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് പൊലീസ് പിന്നീട് ശശികലയെ അറിയിച്ചു. നിരോധനം ലംഘിച്ച് സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചുവെന്നായിരുന്നു ശശികലയ്ക്കെതിരായ കേസ്. പ്രശ്നസാധ്യത കണക്കിലെടുത്താണ് ശശികലയെ കരുതൽ തടങ്കലിലാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ളതേയുള്ളൂ എന്ന പൊലീസ് നിർദേശം പക്ഷേ ശശികല തള്ളുകയായിരുന്നു. തന്നെ എവിടെ നിന്ന് അറസ്റ്റ് ചെയ്തോ അവിടെ വിടണമെന്നായിരുന്നു ശശികലയുടെ ആവശ്യം. ഇത് അനുവദിക്കാനാകില്ലെന്ന് പൊലീസ് തറപ്പിച്ചു പറ‌ഞ്ഞു. ഒടുവിൽ വൈകിട്ട് മൂന്ന് മണിയോടെ ശശികലയെ മജിസ്ട്രേറ്റിന് മുന്നിൽ കൊണ്ടുവന്നു. സ്റ്റേഷന് മുന്നിൽ വച്ച്, തന്നെ ഇനി തടയില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അത്തരം ഒരു ഉറപ്പും പൊലീസ് നൽകിയിരുന്നില്ലെന്നാണ് സൂചന. ജാമ്യം ലഭിച്ച ശേഷം ആരോഗ്യം അനുവദിക്കുന്ന മുറയ്ക്ക് ശബരിമലയിലേക്ക് എത്തുമെന്നും ഉപവാസം ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Follow Us:
Download App:
  • android
  • ios