മുംബൈ: മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മലയാളി യുവതിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ തട്ടിക്കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ സുനില്‍ നാഗേഷ് ഹെഗ്ഡയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മംഗളുരു സ്വദേശിയായ നാഗേഷ് ഓട്ടോ ഡ്രൈവറാണ്. മംഗളുരുവില്‍ താമസക്കാരിയായ മലയാളി യുവതി രേഷ്മയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നാഗേഷിനെ അറസ്റ്റ് ചെയ്തത്. 

മുംബൈ സ്വദേശിയായ ഇക്ബാലുമായി രേഷ്മ പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രേഷ്മ ഇക്ബാലിനൊപ്പം ഒളിച്ചോടിപ്പോയി. മുംബൈയില്‍ എത്തിയതിന് പിന്നാലെ രേഷ്മയെ കാണാതായി. തുടര്‍ന്ന് ഇക്ബാല്‍, കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രേഷ്മയെ തട്ടിക്കൊണ്ടുപോയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. ഹെഗ്‌ഡെയുടെ അറസ്റ്റിനെ തുടര്‍ന്ന് രേഷ്മയെ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം മംഗളുരുവിലേക്ക് അയച്ചു. 

അതേസമയം സംഭവം ലൗവ് ജിഹാദ് ആണെന്ന് വി.എച്ച്.പിയും ബജ്‌റംഗ്ദളും ആരോപിച്ചു. കേരളത്തിലും കര്‍ണാടകയിലെ തീരദേശ ജില്ലകളിലും ലൗവ് ജിഹാദ് വ്യാപകമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പിയും ബജ്‌റംഗ്ദളും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു. കര്‍ണാടകയിലെ ദക്ഷിണ കന്നടയില്‍ ഹിന്ദു-മുസ്ലീം പ്രണയങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ ഇടപെടല്‍ വ്യാപകമാണ്. 

സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പതിനെട്ടുകാരിയായ ഹിന്ദു യുവതി മുസ്ലീം യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു. വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി കൗണ്‍സിലിങ് ചെയ്താണ് പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. മൂദബിദ്രിയിലും ശിവമോഗയിലും ഹിന്ദു-മുസ്ലീം ബന്ധങ്ങളില്‍ ലൗവ് ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.