അതേ സമയം ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നാണ് ബാലഭാസ്കറിന്‍റെ സുഹൃത്തായ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി പറയുന്നത്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്...
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ഒക്ടോബര്‍ എട്ടിന് ലക്ഷ്മിയുടെ വെന്റിലേറ്റർ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭർത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചിരുന്നു. ഉദരഭാഗത്തുണ്ടായ പരുക്കുകൾ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകൾക്കും കാലിനും നടത്തിയ ശസ്ത്രക്രിയകൾ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേ സമയം ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നാണ് ബാലഭാസ്കറിന്‍റെ സുഹൃത്തായ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി പറയുന്നത്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്‍റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്‍റെ മാനേജര്‍ തമ്പി അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു.
സ്റ്റീഫന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ബാലയുടെ മാനേജര്‍ മിസ്റ്റര്‍ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാര്‍ത്ത അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്.
എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാര്‍ഥിക്കണം. ബാലയെ സ്‌നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'
